photo
എസ്.വിനീഷ് കരിയിലക്കിളിക്ക് വെള്ളം കൊടുക്കുന്നു

കൊട്ടാരക്കര : കാലാെടിഞ്ഞ് നടുറോഡിൽ മരണവെപ്രാളം കാട്ടിയ കരിയിലക്കിളിക്ക് യുവാവ് രക്ഷകനായി. കൊട്ടാരക്കര സ്വദേശി എസ്.വിനീഷിന്റെ(37) സമയോചിത ഇടപെടലിൽ കുഞ്ഞുപക്ഷി കൈവിട്ട ജീവൻ തിരിച്ചുപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിൽ നിന്ന് നീലേശ്വരം ഭാഗത്തേക്കുള്ള റോഡിലൂടെ സ്കൂട്ടറിൽ പോകുമ്പോഴാണ് ടാറിംഗുള്ള ഭാഗത്തായി ഒരു പക്ഷിയുടെ പിടച്ചിൽ വിനീഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂട്ടർ നിറുത്തി ഇറങ്ങി അടുത്തെത്തി കരിയിലക്കിളിയെ കോരിയെടുത്തു. കൈവശമുള്ള കുപ്പിയിൽ നിന്ന് വെള്ളം ചുണ്ടുകളിലേക്ക് ഇറ്റിച്ചുനൽകിയപ്പോൾ നട്ടുച്ചനേരത്ത് നടുറോഡിലെ പൊള്ളുന്ന ചൂടിൽ വീണുപോയതിന്റെ പരവേശത്താൽ ആർത്തിയോടെ കുടിച്ചു. പക്ഷിയുടെ കാലിൽ ഒടിവ് പറ്റി വീണതാണെന്ന് ബോദ്ധ്യപ്പെട്ടു. വേണ്ടുവോളം വെള്ളം നൽകി അത്യാവശ്യ ശുശ്രൂഷകളും നൽകിയശേഷം റോഡിൽ നിന്നും മാറ്റി മറ്റൊരിടത്ത് കരിയിലക്കിളികൾ കൂട്ടമായുള്ള ഭാഗത്ത് എത്തിച്ചു. പറക്കാൻ ശേഷികുറഞ്ഞെങ്കിലും കൂട്ടുകാരോടാെത്ത് ചെറുതായി പറന്നുതുടങ്ങിയ കിളിയെ നോക്കി ആശ്വാസത്തോടെയാണ് വിനീഷ് മടങ്ങിയത്.