കൊല്ലം: ആദ്യ സ്വപ്‌ന പദ്ധതിയുടെ വിജയത്തിളക്കത്തിൽ ദേശിംഗനാട് ഡെവലപ്പ്‌മെന്റ് ആൻഡ് അസിസ്‌റ്റൻസ് സൊസൈറ്റി (ഡ്രീംസ്) രണ്ടാം ഘട്ട ഓഹരി സമാഹരണത്തിനൊരുങ്ങുന്നു. മൂന്ന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യവും വ്യക്തികളിൽ നിന്നുമായി 150 കോടി ഓഹരിയായി സ്വരൂപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് 50 കോടി കൂടി ലക്ഷ്യമിട്ട് 200 കോടിയുടെ പ്രവർത്തന മൂലധനം സമാഹരിക്കുന്നത്.
കൊട്ടിയത്തിന്റെ ഹൃദയഭാജനമായി നഗരമദ്ധ്യത്തിൽ തലപ്പൊക്കത്തോടെ നിൽക്കുന്ന ഡ്രീംസ് മാളും പാർപ്പിട സമുച്ചയവും ജനുവരിയിൽ ഉദ്‌ഘാടനം കാത്ത് അവസാന ഘട്ട തയ്യാറെടുപ്പിലാണ്. കടലാസിൽ മാത്രമായിരുന്ന കൊട്ടിയത്തിന്റെ വികസനത്തിന് സഹകരണ മേഖല ജനകീയ കൂട്ടായ്‌മയിൽ പുതിയ വികസന പരിപ്രേക്ഷ്യം കുറിച്ചിരിക്കുകയാണ്.
പദ്ധതി നാടിന് സമർപ്പിക്കുന്നതോടെ സൊസൈറ്റി പുതിയ മേഖലകളിലേക്ക് സംരംഭകത്വം വ്യാപിപ്പിക്കുമെന്ന് പ്രമുഖ സഹകാരിയും ഡ്രീംസ് പ്രസിഡന്റുമായ എസ്.ഫത്തഹുദ്ദീൻ പറഞ്ഞു. ദേശീയപാത 66 ന്റെ വികസനത്തോടെ സംരംഭങ്ങൾ നഷ്‌ടപ്പെട്ടവർക്കും സ്വന്തം ജീവസന്ധാരണ മാർഗത്തിന് അവസരം നഷ്‌ടപ്പെട്ടവർക്കും കൂടി ഡ്രീംസ് മാൾ അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പുതിയ തൊഴിലവസരവും സൃഷ്‌ടിക്കും.
ടൂറിസം, അമ്യൂസ്‌മെന്റ് തുടങ്ങിയ ആധുനിക ജീവിത മേഖലകളിലായിരിക്കും ഡ്രീംസിന്റെ ഭാവി നിക്ഷേപമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.