shine-
ജില്ല മൃഗാശുപത്രിയിൽ വേറിട്ട ക്രിസ്തുമസ് ആഘോഷം

കൊല്ലം: ജില്ലാ മൃഗാശുപത്രിയിൽ വേറിട്ട പാചക മത്സരം ഒരുക്കി ക്രിസ്മസ് ആഘോഷിച്ച 'ബഹുരസത്തിന്റെ' രുചി അറിഞ്ഞവർ വിലയിരുത്തി ബഹുകേമം. നെയ്‌മീൻ കറിയും മട്ടൻ സ്റ്റൂവും ബീഫ് ഉലത്തിയതും ചില്ലി ചിക്കനും ചിക്കൻ പെരട്ടുമായിരുന്നു മത്സര വിഭവങ്ങൾ.

പാചകത്തിന്റെ രസതന്ത്രമളക്കാൻ എണ്ണയുടെ അളവ് മുതൽ ചേരുവകളുടെ പാകം വരെയാണ് വിധി കർത്താക്കൾ വിലയിരുത്തിയത്. മൃഗാശുപത്രിയിലെ 60 പേർ വ്യത്യസ്ത സംഘങ്ങളായാണ് പങ്കെടുത്തത്. ഡോക്ടർമാർക്കൊപ്പം എല്ലാതലത്തിലും ഉള്ള ജീവനക്കാർ വിഭവങ്ങൾ ഒരുക്കി.
ആർ.ആർ ഡെപ്യൂട്ടി കളക്ടർ കെ.പി.ദീപ്തി, ടെലിവിഷൻ പാചക പരിപാടിയുടെ അവതാരകയായ ശ്വേത എന്നിവരായിരുന്നു വിധി കർത്താക്കൾ.
വിജയികളായ ഒന്നും രണ്ടും ടീമുകൾക്ക് അവർ സമ്മാനങ്ങളും നൽകി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്. അനിൽ കുമാർ, ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി.ഷൈൻകുമാർ, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോ. കിരൺ ബാബു, സെക്രട്ടറി ആർ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.