കൊട്ടാരക്കര: പദ്ധതികളേറെയുണ്ടായിട്ടും കോട്ടാത്തല തേവർചിറക്ക് മോക്ഷമില്ല. നാടിന്റെ കാത്തിരിപ്പ് നീളുന്നു. ഏറ്റവും ഒടുവിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി 89 ലക്ഷം രൂപയാണ് ചിറയുടെ നവീകരണത്തിന് അനുവദിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ പദ്ധതി പ്രകാരം തുക അനുവദിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ഇതിന്റെ നിർമ്മാണ ജോലികൾ തുടങ്ങാനും കഴിഞ്ഞിട്ടില്ല. അടുത്ത വേനൽക്കാലത്തും ചിറ ഉപയോഗിക്കാൻ കഴിയില്ലെന്ന സങ്കടത്തിലാണ് നാട്ടുകാരിപ്പോൾ. നൂറ്റാണ്ടുകളുടെ ശേഷിപ്പാണ് തേവർ ചിറ. ഇപ്പോൾ ചിറയെന്ന പേര് മാത്രമേയുള്ളു. കുറ്റിക്കാടുകൾ നിറഞ്ഞ് തീർത്തും നശിച്ചിട്ട് ഏറെക്കാലമായി.

നവീകരണം പാതിവഴിയിൽ

കോട്ടാത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെയും തണ്ണീർ പന്തൽ ദേവീക്ഷേത്രത്തിന്റെയും ഇടഭാഗത്തായിട്ടാണ് തേവർ ചിറയുള്ളത്. പ്രദേശത്തുകാർ കുളിക്കാനും തുണി അലക്കാനും കാർഷിക ആവശ്യങ്ങൾക്കുമൊക്കെ ഉപയോഗിച്ചിരുന്ന ചിറ നശിച്ച് നാമാവശേഷമായിട്ട് നാളേറെയായി. കുളിക്കടവുകളും കൽപ്പടവുകളും തകർന്നു. ചിറ നവീകരിച്ച് സംരക്ഷിക്കണമെന്ന നാടിന്റെ പൊതു ആവശ്യം ഉൾക്കൊണ്ട് പി.ഐഷാപോറ്റി എം.എൽ.എ ആയിരിക്കെ അനുവദിച്ച തുകകൊണ്ട് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത് പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നീട് ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ട് വശങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമ്മിച്ചു. അടുത്തിടെ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാമത്തെ വശവും നിർമ്മിച്ചു. ജില്ലാ പഞ്ചായത്ത് അടുത്ത ഘട്ടത്തിൽ 15 ലക്ഷം രൂപകൂടി അനുവദിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ഇടപെടലിൽ 89 ലക്ഷം രൂപയുടെ സമ്പൂർണ നവീകരണ പദ്ധതി പ്രഖ്യാപിച്ചതിനാൽ ജില്ലാ പഞ്ചായത്തിന്റെ തുക വിനിയോഗിക്കില്ല.

തേവർ ചിറയുടെ നവീകരണം ഉടൻ നടപ്പാക്കും. 89 ലക്ഷം രൂപയുടെ പദ്ധതിക്കാണ് തുക അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്.

കെ.എൻ.ബാലഗോപാൽ, മന്ത്രി