kottrr
മന്ത്രി കെ.എൻ.ബാലഗോപാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കൊപ്പമെത്തി കനാൽ കിണറിന്റെയും ബാരലിന്റെയും ചോർച്ച പരിശോധിക്കുന്നു

കൊട്ടാരക്കര: കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ പൂവറ്റൂർ ഡിസ്ട്രിബ്യൂട്ടറിയുടെ നവീകരണം യാഥാർത്ഥ്യത്തിലേക്ക്. 70 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയായത്. കൊട്ടാരക്കര നഗരസഭയിലെയും നെടുവത്തൂർ, കലയപുരം, പൂവറ്റൂർ കിഴക്ക്, കുളക്കട കിഴക്ക് ഭാഗങ്ങളിലെയും കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കുന്നതിനായി 1994ൽ സ്ഥാപിച്ചതാണ് പൂവറ്റൂർ ഡിസ്ട്രിബ്യൂട്ടറി. 15.389 കി.മീ നീളമുള്ള ഡിസ്ട്രിബ്യൂട്ടറി കൊട്ടാരക്കര ഇ.ടി.സി ഷട്ടർ പോയിന്റിൽ നിന്നും തുടങ്ങി പൂവറ്റൂർ കിഴക്ക് അവസാനിക്കുന്നതാണ്.

ചോർച്ച പരിഹരിക്കും

കൊട്ടാരക്കര റെയിൽവേ മേൽപ്പാലത്തിന് സമീപം ദേശീയപാതയിൽ കനാൽ ക്രോസ് ചെയ്തു കടന്നുപോകുന്നതിന് മുൻപായുള്ള ചതുപ്പ് ഭാഗത്ത് കനാലിന്റെ ഭാഗമായ രണ്ട് സൈഫൺ കിണറുകളും അതിനെ ബന്ധിപ്പിക്കുന്ന ബാരലുമുണ്ട്. ഇത് മണ്ണിന്റെ അടിയിലാണ് സ്ഥിതി ചെയ്യുന്നത്. സൈഫൺ കിണറുകളിലെയും ബാരലിലെയും ചോർച്ചമൂലം വെള്ളം മുന്നോട്ട് ഒഴുക്കുവാൻ ബുദ്ധിമുട്ടുണ്ട്. വെള്ളം നിലവിൽ ചതുപ്പ് നിലത്തിലെ തോട്ടിലേക്ക് ഒഴുകി പോവുകയാണ്. ഇതുമൂലം പൂവറ്റൂർ ഡിസ്ട്രിബ്യൂട്ടറിയിൽ മൂന്നര കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് ജലവിതരണം നടത്താൻ കഴിയുന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കൊപ്പമെത്തി കനാൽ കിണറിന്റെയും ബാരലിന്റെയും ചോർച്ച ബോദ്ധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കല്ലട ഇറിഗേഷൻ എൻജിനീയറിംഗ് വിഭാഗം തയ്യാറാക്കി 70 ലക്ഷം രൂപയുടെ നവീകരണ എസ്റ്റിമേറ്റിനാണ് അംഗീകാരം ലഭിച്ചത്.

കൂടുതൽ പ്രദേശത്ത് വെള്ളമെത്തും

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ നെടുവത്തൂർ, മൈലം, കലയപുരം,പൂവറ്റൂർകിഴക്ക്, കുളക്കട ഭാഗങ്ങളിലെ ശേഷിക്കുന്ന 11.8 കിലോമീറ്റർ ദൂരത്ത് ആവശ്യത്തിന് വെള്ളം എത്തിക്കാൻ സാധിക്കും.