കുളത്തൂപ്പുഴ : മലയോര ഹൈവേയിൽ കല്ലുവെട്ടാംകുഴി റേഷൻ കടയ്ക്ക് സമീപത്തെ വളവിൽ കാറുമായി കൂട്ടിയിടിച്ച് സൈക്കിൾ യാത്രികനായ ലോട്ടറി വിൽപ്പനക്കാരന് പരിക്ക്. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി ബ്ലോക്ക് നമ്പർ 39 ൽ ഷിഹാബിനെ(67) പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരത്ത് പോയ ശേഷം കുളത്തൂപ്പുഴ, ആര്യങ്കാവ് വഴി തിരുപ്പതിക്ക് പോവുകയായിരുന്ന ആന്ധ്ര സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
പാതയുടെ വളവു തിരിയുന്നതിനിടെ സൈക്കിൾ യാത്രികനെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോഴാണ് സമീപത്തെ റബർ തോട്ടത്തിൽ നിയന്ത്രണംവിട്ട് കാർ ഇടിച്ചു നിന്നത്.
മുൻവശം തകർന്ന കാറിലെ ഒരാൾക്ക് നിസാര പരിക്കേറ്റു. കുളത്തുപ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.