
കുളത്തൂപ്പുഴ: ആര്യങ്കാവ് പാണ്ഡ്യൻ പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. വനം വകുപ്പിന്റെ താത്കാലിക ഡ്രൈവറും വാച്ചറുമായ റോബിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുരയിടത്തിലേക്ക് കയറിയ കാട്ടാനയെ വിരട്ടിയോടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ഇരു കൊമ്പിനുമിടയിലായ റോബിൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വലത് തുടയ്ക്കും ശരീരത്തിലുമാണ് പരിക്കേറ്റത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിലുള്ള വനപാലകരും നാട്ടുകാരും ചേർന്ന് റോബിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.