പരാതിപ്പെട്ടിട്ടും നടപടി എടുക്കാതെ അധികൃതർ
അഞ്ചാലുംമൂട്: തെരുവ് നായ ശല്യത്തിൽ നിന്നും മോചനമില്ലാതെ കുരീപ്പുഴ നിവാസികൾ. പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിത്യേന നൂറ് കണക്കിനാളുകൾ കടന്ന് പോകുന്ന ബൈപ്പാസ് റോഡ്, കീക്കോലിമുക്ക്, പാണാമുക്കം, തെക്കേച്ചിറ , ഷാപ്പ്മുക്ക്, കൊച്ചാലുംമൂട്, പ്ലാവറക്കാവ്, എന്നിവിടങ്ങളിലാണ് തെരുവ് നായ്ക്കളുടെ ആക്രമം ഏറ്റവും കൂടുതൽ. ഒരു ഗവ.യു.പി സ്കൂളും രണ്ട് സ്വകാര്യ സ്കൂളുകളുമുള്ള ഈ പ്രദേശത്ത് ദിവസവും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് സഞ്ചരിക്കുന്നത്.
കാൽനടയായും സൈക്കിളിലുമായി സ്കൂളുകളിലേക്ക് പോകുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും ഭീതിയോടെയാണ് കൊച്ചാലുംമൂട് വഴി പോകുന്നത്. വിദ്യാർത്ഥികളുടെ പിന്നാലെ ഓടുന്ന തെരുവ് നായ്ക്കളിൽ നിന്ന് നാട്ടുകാരും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളുമാണ് കുട്ടികളെ രക്ഷിക്കുന്നത്.
പ്ലാവറക്കാവ്, തെക്കേച്ചിറ, ഷാപ്പ് മുക്ക് ഭാഗങ്ങളിൽ രാത്രി ജോലികഴിഞ്ഞും മറ്റും വരുന്ന സ്ത്രീകളുടെ നേരേയും നായ്ക്കൂട്ടം പാഞ്ഞടുക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. തെരുവ് നായ്ക്കളുടെ ഭീഷണിമൂലം കുട്ടികൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങി കളിക്കാൻപോലുമാകാത്ത അവസ്ഥയാണ്.
ബൈപ്പാസിലും റോഡ് സൈഡിലും മറ്റും തള്ളുന്ന മാലിന്യങ്ങളാണ് തെരുവ് നായക്ക്‌ളുടെ എണ്ണം പെരുകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഇരുചക്ര വാഹനങ്ങളിൽ
പോകാനാകുന്നില്ല
നേരം ഇരുട്ടിയാൽ കുരീപ്പുഴയിൽ നിന്ന് പുറത്തേക്ക് കാൽനടയായോ ഇരുചക്രവാഹനങ്ങളിലോ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. വെളിച്ചം കുറഞ്ഞ ഇടങ്ങളിലൂടെ വരുന്ന ഇരുചക്ര വാഹനങ്ങളുടെ മുന്നിലേക്ക് തെരുവ് നായ്ക്കൾ എടുത്തു ചാടി അപകടം ഉണ്ടാകുന്നത് പതിവാണ്. തെക്കേച്ചിറയിലൂടെയുള്ള രാത്രികാലയാത്രയും നാട്ടുകാർക്ക് പേടി സ്വപ്നമാണ്. പ്രദേശവാസികളുടെ ജീവനുതന്നെ ഭീഷണിയായ നായ്ക്കളെ തുരത്താൻ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.