കൊല്ലം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമാക്കാൻ സിറ്റി പൊലീസ് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ അറിയിച്ചു.എക്‌സൈസ്, മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നീ ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ച് മദ്യം, മയക്ക്മരുന്ന്, അമിത വേഗം എന്നിവ കണ്ടെത്തുന്നതിന് പരിശോധനകൾ നടത്തും.ലോഡ്ജുകൾ, ഹോം സ്റ്റേകൾ, ഹൗസ് ബോട്ടുകൾ, ഡി.ജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനും പൊലീസ് സ്‌റ്റേഷനുകളിൽ രാത്രികാല പട്രോളിംഗ് വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും നിർദ്ദേശം നൽകി. ക്വിക്ക് റെസ്‌പോൺസ് ടീമിനെ ജില്ലയുടെ വിവിധ ഇടങ്ങളിൽ വിന്യസിക്കും. പ്രധാന റോഡുകളിലും ഇടറോഡുകളിലും പട്രോളിംഗ് ഏർപ്പെടുത്തും. പുതുവത്സരാഘോഷങ്ങളുടെ മറവിൽ അനധികൃതമായി ഉപയോഗിക്കുന്ന മൈക്ക്‌സെറ്റ് മുതലായ വസ്തുവകകൾ പിടിച്ചെടുത്ത് മൈക്ക് ഓപ്പറേറ്റർ അടക്കമുളളവർക്കെതിരെയും, രാത്രികാല നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെയും അറസ്റ്റ് അടക്കമുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും. ലഹരി ഉപയോഗം തടയുന്നതിനായി ഡാൻസാഫിന്റെയും മഫ്തി പൊലീസിന്റെയും നേതൃത്വത്തിൽ കർശന പരിശോധന നടത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമ ലംഘനങ്ങളെ സംബന്ധിച്ചുളള വിവരങ്ങൾ പൊലീസിന്റെ 1090, 112, 04742742265, എന്നീ നമ്പരുകളിൽ അറിയിക്കാം.