കൊല്ലം: സംസ്ഥാന മന്ത്രിസഭയിൽ കൊല്ലത്തെ പ്രതിനിധീകരിച്ച് ഒരു മന്ത്രി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് കൊല്ലത്തുകാർ. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് കെ.എൻ.ബാലഗോപാലും ജെ.ചിഞ്ചുറാണിയും നിലവിൽ മന്ത്രിമാരാണ്. ഇതേ മേഖലയിൽ നിന്നുതന്നെയാണ് മൂന്നാമനായി കെ.ബി.ഗണേശ് കുമാർ എത്തുന്നത്.
മന്ത്രിയെന്ന നിലയിലും എം.എൽ.എ എന്ന നിലയിലും കെ.ബി.ഗണേശ് കുമാർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളും ജനകീയ ഇടപെടലും നേരത്തേതന്നെ വലിയ സ്വീകാര്യത നേടിയെടുത്തവയാണ്. മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായിരുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ മകനെന്ന നിലയിലാണ് ചലച്ചിത്ര നടന്റെ പ്രതിച്ഛായയോടെ ഗണേശ് കുമാർ രാഷ്ട്രീയത്തിലിറങ്ങിയത്. എന്നാൽ സിനിമക്കൊപ്പം തനിക്ക് രാഷ്ട്രീയവും ഇണങ്ങുമെന്ന് ചെറിയ കാലംകൊണ്ട് അദ്ദേഹത്തിന് തെളിയിക്കാനായി. പത്തനാപുരം മണ്ഡലത്തിൽ മുന്നണികൾക്ക് അതീതമായി വ്യക്തിബന്ധങ്ങൾ സ്ഥാപിച്ചെടുക്കാനായതാണ് ഗണേശിന്റെ വലിയ മിടുക്ക്. പത്തനാപുരം താലൂക്ക് രൂപീകരണം മുതൽ എണ്ണിപ്പറയാവുന്ന വലിയ വികസനമൊരുക്കാൻ ഗണേശിന് കഴിഞ്ഞു. എത്ര അടിയൊഴുക്കുകൾ ഉണ്ടായാലും ഗണേശ് കുമാർ പത്തനാപുരത്ത് ജയിക്കുമെന്ന് പൊതുവേ ഉറപ്പിച്ച് പറയുന്നതും അതുകൊണ്ടാണ്.
അച്ഛന്റെ മകൻ!
പഞ്ചാബ് മോഡൽ പ്രസംഗമടക്കം ആർ.ബാലകൃഷ്ണ പിള്ളയുടെ പ്രസംഗങ്ങൾ ഒട്ടേറെ വിവാദമായിട്ടുണ്ട്. കെ.ബി.ഗണേശ് കുമാറിനും പിള്ളയുടെ നാവാണ് ലഭിച്ചതെന്ന് പലരും പറയുന്നു. മുന്നണിയുടെ അകത്തായാലും പുറത്തായാലും തനിക്ക് തോന്നുന്നത് പറയുന്നതാണ് ഗണേശിന്റെയും ശീലം. മണ്ഡലത്തിൽ വലിയ വികസനമെത്തിക്കുമ്പോഴും ഉദ്യോഗസ്ഥർ പലപ്പോഴും പേടിയോടെയാണ് ഗണേശിനെ സമീപിക്കുക. തെറ്റുണ്ടെങ്കിൽ പൊട്ടിത്തെറിക്കുന്ന ശീലമാണ് ആ പേടിക്ക് കാരണം. റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാൽ അവിടെയെത്തി റോഡ് കുഴിപ്പിച്ച് പരിശോധിക്കും. അഴിമതിയുണ്ടെന്നുകണ്ടാൽ മുഖം നോക്കാതെ നടപടിയെടുക്കും. അവരെ പൊതുമദ്ധ്യത്തിൽ ആക്ഷേപിച്ച് നാണം കെടുത്തുകയും ചെയ്യും.