കൊല്ലം: ക്രിസ്മസ്- പുതുവർഷക്കാലമായതോടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ മൺറോത്തുരുത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം. തുരുത്തിന്റെ പ്രകൃതി സൗന്ദര്യവും ജല യാത്രകളും ആസ്വദിക്കാൻ വിദേശങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. ചെറു തോടുകളിലൂടെയുള്ള വള്ളങ്ങളിലെ യാത്ര മുതൽ എസ് വളവിലും, പാർവതി പല്ലവി ലേക്കിലും അഷ്ടമുടിക്കായലിലൂടെയുമുള്ള ആഡംബര ബോട്ട് യാത്ര വരെ ഇവിടെ അസ്വദിക്കാം.ജല യാത്രകൾക്കുള്ള ചെറു വള്ളങ്ങൾ മുതൽ ആഡംബര ബോട്ടുകൾ വരെ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി സജ്ജമാക്കി കഴിഞ്ഞതായി ബോട്ട് ഉടമകൾ പറഞ്ഞു. റിസോർട്ടുകളിലും ഹോംസ്‌റ്റേകളിലും ബുക്കിംഗ് തകൃതിയായി നടക്കുന്നുണ്ട്. പരിമിതികൾക്കിടയിലും ജലാശയങ്ങളും ജലോപരിതലവും വൃത്തിയായി സൂക്ഷിക്കാൻ നാട്ടുകാരും മുൻപന്തിയിലുണ്ട്.

പരാധീനകൾ അനവധി

വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്തുമ്പോഴും അവർക്കുള്ള സൗകര്യങ്ങൾ ഇവിടെ പരിമിതമാണെന്ന് പരാതിയുണ്ട്. സഞ്ചാരികളുമായി പ്രതിദിനം നൂറു കണക്കിന് വാഹനങ്ങളാണിവിടെ എത്തുന്നത്. വാഹനബാഹുല്യം താങ്ങാനുതകുന്ന റോഡുകളോ ട്രാഫിക് നിയന്ത്രണമോ പാർക്കിംഗ് സൗകര്യമോ ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നും പരാതിയുണ്ട്. നാട്ടുകാർ ഒരുക്കിയ സൗകര്യങ്ങളാണ് കൂടുതലും. വിനോദ സഞ്ചാര വകുപ്പ് യാതൊന്നും ചെയ്യുന്നില്ലെന്നും മൺറോത്തുരുത്തിലേക്കു ബന്ധപ്പെട്ടവരുടെ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും നാട്ടുകാർ പറയുന്നു.

പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഉത്തമ മാതൃക ഒരുക്കുന്ന നാട്ടുകാർക്ക്‌ അധികൃതരുടെ ഭാഗത്തു നിന്നും പ്രോത്സാഹനം നൽകണം

ഡി.ജയചന്ദ്രൻ

പരിസ്ഥിതി ശാസ്ത്രജ്ഞൻ