അഞ്ചാലുംമൂട്: തൃക്കരുവ പഞ്ചായത്തിലെ 10,000ത്തോളം കുടുംബങ്ങളെ ദുരിത്തിലാക്കിയ കുടിവെള്ളക്ഷാമത്തിന് പുതുവർഷത്തോടെ പരിഹാരമാകും. ജലജീവൻ മിഷൻ പദ്ധതി പ്രകാരം ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി തൃക്കരുവയിൽ വാട്ടർ ടാങ്ക് നിർമ്മിക്കുന്ന നടപടികൾ ആരംഭിച്ചു. വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനായി കാഞ്ഞിരംകുഴി സ്‌റ്റേഡിയം വാർഡിൽ 15സെന്റ് സ്ഥലം തൃക്കരുവ പഞ്ചായത്ത് വാട്ടർ അതോറിട്ടിയുടെ പേരിൽ വാങ്ങി നൽകി. സ്ഥലം വാങ്ങുന്നതിനും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനും ഒരു കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. തനത് ഫണ്ട് ഇല്ലാത്ത പഞ്ചായത്തായതിനാൽ സ്ഥലം വാങ്ങുന്നതിനും ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിനുമായി 50ലക്ഷം രൂപ വീതം അനുവദിക്കണമെന്ന് എം.മുകേഷ് എം.എൽ.എയ്ക്ക് നിവേദനം നൽകിയതിനെത്തുടർന്ന് എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നാണ് ഒരു കോടി രൂപ അനുവദിച്ചത്.
കുടിവെള്ള ടാങ്കിനൊപ്പം പെരിനാട് സ്ഥാപിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് തൃക്കരുവ, പനയം, മൺറോതുരുത്ത്, പെരിനാട് പഞ്ചായത്തുകളിലെ വാട്ടർ ടാങ്കുകളിൽ ശേഖരിക്കും.
വെറുതെ കുത്തിയ കുഴൽ കിണർ
തൃക്കരുവ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി രണ്ട് കുഴൽ കിണറുകൾ പഞ്ചായത്ത് നിർമ്മിച്ചിരുന്നു. എന്നാൽ കുഴൽ കിണറിന്റെ പ്രവർത്തനങ്ങൾ അടിയ്ക്കടി തടസപ്പെട്ടതോടെ പ്രദേശത്ത് വീണ്ടും കുടിവെള്ളക്ഷാമം രൂക്ഷമായി. ഇതോടെ കുഴൽ കിണറുകൾ ജലക്ഷാമം പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് കണ്ടെത്തുകയും തുടർന്ന് പ്രദേശത്ത് കൂറ്റൻ വാട്ടർടാങ്ക് നിർമ്മിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
12.5 ലക്ഷം ലിറ്റർ ജലം സംഭരിക്കാം
നിലവിൽ സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ ഒഴികെയുള്ള മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായി. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായാൽ ഉടൻ തന്നെ 15സെന്റ് ഭൂമിയിൽ 12.5ലക്ഷം ലിറ്റർ വെള്ളം ശേഖരിയ്ക്കാനാകുന്ന ഓവൽ ആകൃതിയിലുള്ള ടാങ്കിന്റെ നിർമ്മാണം ആരംഭിക്കും. ഒരുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് തൃക്കരുവ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവ പറഞ്ഞു.
നിലവിൽ ഞാങ്കടവ് പദ്ധതി പ്രകാരം വെള്ളമെത്തിക്കുന്ന പൈപ്പുകൾ അഷ്ടമുടിമുക്ക് വരെ എത്തിച്ചിട്ടുണ്ട്. ടാങ്കിന്റെ പണിപൂർത്തിയാകുന്ന മുറയ്ക്ക് പൈപ്പുകൾ ടാങ്കിൽ ഘടിപ്പിക്കും. ടാങ്കിന്റെനിർമ്മാണം പൂർത്തിയായി ജലം സംഭരിയക്കുന്നതോടെ തൃക്കരുവ പഞ്ചായത്തിലെ 10,000ഓളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ
പഞ്ചായത്ത് അധികൃതർ