കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം വീണ്ടും കൊല്ലത്തെത്തുമ്പോൾ, തന്റെ കന്നിമത്സരത്തിൽ 'വിധി' എതിരായതോടെ കലോത്സവ വേദികൾ ഉപേക്ഷിച്ച കഥയാണ് ഗായിക ലതികയ്ക്ക് പറയാനുള്ളത്. കൊല്ലം പട്ടണത്തോട് ചേരുന്ന കടപ്പാക്കട 'പ്രവീണ'ത്തിലാണ് താമസിേ. 1974ൽ ക്രേവൻ സ്കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് ലതിക സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കന്നിക്കാരിയായി പങ്കെടുത്തത്. പക്ഷെ, വിധി പ്രഖ്യാപനം വന്നപ്പോൾ സങ്കടം കണ്ണീരായി ഒഴുകിയിറങ്ങി. ഇതോടെ കലോത്സവ വേദികൾ ലതികയുടെ മനസിൽ നിന്നകന്നു.
ലളിതഗാന മത്സരത്തിൽ പങ്കെടുത്ത ലതികയുടെ സംഗീത മധുരം സദസ് നന്നായി ആസ്വദിച്ചു. പാടി നിറുത്തിയപ്പോൾ നിലയ്ക്കാത്ത കൈയടി. മനസിൽ വിജയം ഉറപ്പിച്ചപ്പോഴാണ് വിധി തിരിച്ചടിയായത്. മത്സരത്തിന് ലതിക തിരഞ്ഞെടുത്ത പാട്ട് സിനിമാ പാട്ടായിരുന്നു! അഴകുള്ള സെലീന എന്ന ചിത്രത്തിലെ 'താജ്മഹൽ നിർമ്മിച്ച രാജശില്പി' എന്ന ഗാനമാണ് പാടിയത്. അത് സിനിമാ ഗാനമാണെന്നും ലളിതഗാന മത്സരത്തിൽ പാടരുതെന്നും ആരും ഉപദേശിച്ചില്ല. മനസു വേദനിച്ച ലതിക പിന്നീട് കലോത്സവ വേദികളിൽ കയറാൻ മടിച്ചു.
ഒരിക്കൽ മാത്രം വിധികർത്താവ്
1992ൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിധികർത്താവായിരുന്നു ലതിക. കൈക്കുഞ്ഞുമായിട്ടായിരുന്നു അന്ന് കോഴിക്കോട്ടേക്ക് വണ്ടികയറിയത്. വിദ്യാധരൻ മാഷായിരുന്നു വിധികർത്താക്കളിൽ ഒരാൾ. വിധിനിർണയത്തിൽ ലതികയും വിദ്യാധരൻ മാഷും ഒരു കുട്ടിക്ക് മാർക്ക് നൽകി. മറ്റ് മൂവരും മറ്റൊരാൾക്കും. വിദ്യാധരൻ മാഷ് കർക്കശ നിലപാടെടുത്തപ്പോൾ രണ്ടുപേർക്കും ഒന്നാം സമ്മാനം നൽകാൻ സംഘാടകർ തീരുമാനിച്ചു. ആ സംഭവത്തോടെ കലോത്സവ വിധി നിർണയവും ലതിക ഉപേക്ഷിച്ചു! ഭരതൻ ചിത്രമായ 'കാതോട് കാതോര'ത്തിലെ കാതോട് കാതോരം എന്ന ഗാനത്തോടെയാണ് ലതിക മലയാളികളുടെ ഇഷ്ട ഗായികയായി മാറിയത്. മലയാളത്തിലും തമിഴിലുമായി മുന്നൂറിൽപ്പരം പാട്ടുകൾ പാടി. ഇപ്പോഴും പാട്ടുവേദികളിൽ സജീവമാണ്.
കലോത്സവം പടിവാതിൽക്കലെത്തി നിൽക്കവേ ഇക്കുറി ഞാൻ ഇവിടെയുണ്ടാവില്ല. ലളിതഗാന മത്സരം കേൾക്കാൻ പോകണമെന്നുണ്ടായിരുന്നു. ചെന്നൈയിൽ ശ്യാം സാറിനെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട വലിയ പരിപാടിക്ക് ഉണ്ണിമേനോനും കൃഷ്ണ ചന്ദ്രനുമൊപ്പം പോകേണ്ടതുണ്ട്. ഒഴിവാക്കാൻ പറ്റുന്നതല്ല. ജനുവരി അഞ്ചിന് ചെന്നൈയിലെത്തണം, 10ന് മടക്കം. അപ്പോൾ കലോത്സവം മിസ് ചെയ്യും
ലതിക