
കുണ്ടറ: ലൈഫ് പദ്ധതി കൈവിട്ട കശുഅണ്ടി തൊഴിലാളികളായിരുന്ന അമ്മയ്ക്കും മകൾക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു നൽകി കോൺഗ്രസ്. കുരീപ്പള്ളി ജയന്തി കോളനിയിൽ പ്ലോട്ട് നമ്പർ 2ൽ ശാന്തയ്ക്കും(65) അമ്മ ഗോമതിക്കുമാണ് (92) കോൺഗ്രസ് കുരീപ്പള്ളി ബൂത്ത് കമ്മിറ്റിയും വാർഡ് കമ്മിറ്റിയും ചേർന്ന് ഉമ്മൻ ചാണ്ടി കാരുണ്യ പദ്ധതിയിൽ വീട് നിർമ്മിച്ചു നൽകിയത്. 4 സെന്റിലെ പൊളിഞ്ഞു വീഴാറായ കുടിലിലായിരുന്നു ശാന്തയും അമ്മ ഗോമതിയും വർഷങ്ങളായി താമസിച്ചിരുന്നത്. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും വീട് അനുവദിച്ചു കിട്ടിയില്ല. ഇതോടെ കിടപ്പ് മുറി, ഹാൾ, അടുക്കള എന്നിവയോടു കൂടി 4 ലക്ഷം രൂപ ചെലവിൽ കോൺഗ്രസ് വീട് നിർമ്മിച്ച് നൽകുകയായിരുന്നു. എം.എൽ.എമാരായ ചാണ്ടി ഉമ്മനും പി.സി.വിഷ്ണുനാഥും ചേർന്ന് വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.