ഫെസ്റ്റ് സംഘടിപ്പിക്കുന്നത് കൊല്ലം കോർപ്പറേഷൻ
കൊല്ലം: കൊല്ലത്തിന്റെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ഡാൻസ് ഫെസ്റ്റിന് സോപാനം ഓഡിറ്റോറിയത്തിൽ തുടക്കം. ചലച്ചിത്ര താരം മീരാനായർ അവതരിപ്പിച്ച നൃത്തത്തോടെയാണ് വേദി ഉണർന്നത്. കൊല്ലത്തിന് കോർപ്പറേഷന്റെ ക്രിസ്മസ് -പുതുവത്സര സമ്മാനമാണ് ഡാൻസ് ഫെസ്‌റ്റെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. വികസനം എന്ന് പറയുന്നത് കേവലം പാലങ്ങളും റോഡുകളും നിർമ്മിക്കുന്നത് മാത്രമല്ല. മനുഷ്യമനസിനെ ഏറ്റവും സന്തോഷകരമായ നിലയിലേക്ക് മാറ്റിയെടുക്കുന്ന പ്രവർത്തനങ്ങൾ കൂടിയാണ്. ഇനിയുള്ള ദിവസങ്ങൾ കൊല്ലം ഏറ്റവും മകിച്ച താരങ്ങളുടെ നൃത്തത്തിന് സാക്ഷ്യം വഹിക്കും. ഇത് വിജയിപ്പിക്കാൻ ഏവരും മുന്നോട്ട് വരണം. 29ന് നൃത്തോത്സവം സമാപിക്കും. പുതുവത്സരത്തെ വരവേൽക്കാൻ 31ന് ബീച്ചിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടക്കുമെന്നും മേയർ പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷനായി. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജി. ഉദയകുമാർ, നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.കെ.സവാദ്, വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.സവിതാദേവി എന്നിവർ സംസാരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.ഗീതാകുമാരി സ്വാഗതം പറഞ്ഞു.
പരിപാടികൾ
ക്രിസ്മസ് ദിനമായ ഇന്ന്‌വൈകിട്ട് ആറിന് ചലച്ചിത്ര താരം നവ്യനായരും സംഘവും അവതരിപ്പിക്കുന്ന നൃത്തം. നാളെ വൈകിട്ട് ആറിന് റിഗാറ്റ നാട്യ സംഗീത കേന്ദ്രയുടെ നൃത്തം, 27ന് ചിലങ്ക ഡാൻസ് അക്കാഡമി ശാന്തിനി ശുഭദേവനും സംഘവും അവതരിപ്പിക്കുന്ന നൃത്തം, 28ന് സിനിമാതാരവും നർത്തകിയുമായ പാരീസ് ലക്ഷ്മിയും രൂപ രവീന്ദ്രനും സംഘവും അവതരിപ്പിക്കുന്ന നൃത്തം, 29ന് ചലച്ചിത്ര താരം മഹാലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം.