കൊല്ലം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ. യു.എസ് വേരിയന്റ് വിഭാഗത്തിലെ ഒമിക്രോണിന്റെ വകഭേദത്തിൽപ്പെടുന്ന ജെ.എൻ1 കൊവിഡ് ആണ് ജില്ലയിൽ കണ്ടെത്തിയത്. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അവരുടെ നില ഗുരുതരമാകുന്നില്ല. ആശുപത്രിയിൽ പ്രവേശിച്ച് പിറ്റേ ദിവസം തന്നെ ആരോഗ്യത്തോടെ ഡിസ്ചാർജ് ചെയ്യുന്നുണ്ട് പലരും.

ദിവസം 2- 3 രോഗികൾക്ക് മാത്രമേ കിടത്തി ചികിത്സ വേണ്ടിവരുന്നുള്ളു. ഇന്നലെ മൂന്ന് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ നഗരത്തിലെ ഒരു ഗൈനക്കോളജിസ്റ്റുമുണ്ട്. ജില്ലയിൽ 98 കൊവിഡ് കേസുകളാണ് നിലവിലുള്ളതെന്നും ഭയപ്പെടാനില്ലെന്നും അധികൃതർ അറിയിച്ചു

കൊവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങൾ

കടുത്ത തൊണ്ടവേദന, ശരീര വേദന, ക്ഷീണം, പനി

മുൻകരുതൽ ശക്തം

പുതിയ കൊവിഡ് വകഭേദം നിലവിൽ ജില്ലയെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ആരോഗ്യവകുപ്പ് സുസജ്ജമാണ്. പാരിപ്പള്ളി മെഡി. ആശുപത്രിയിൽ 10 ഐസലേഷൻ കിടക്കകൾ നീക്കിവയ്ക്കും. വെന്റിലേറ്റർ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ജില്ലാആശുപത്രിയിൽ 10 ഐസൊലേഷൻ കിടക്കയും താലൂക്ക് ആശുപത്രികളിൽ മൂന്ന് ഐസലേഷൻ കിടക്കകളും സജ്ജമാക്കും.

വ്യാപിച്ച് പകർച്ചപ്പനി

ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചപ്പനികൾ ബാധിച്ച് ചികിത്സ തേടിയത് 6,711പേർ. 282 പേർ വിവിധ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് വിധേയരായി. രണ്ട് മാസങ്ങളായി ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ എന്നി​വയുടെ ലക്ഷണങ്ങളുമായി​ എത്തുന്നവരാണ് കൂടുതലും.

അപകടകാരിയായ ഫാൾസിപാറം മലേറിയയുടെ സാന്നിദ്ധ്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് കേസുകളിലും വർദ്ധനവുണ്ട്. എച്ച് വൺ എൻ വൺ, ചിക്കൻപോക്‌സ് തുടങ്ങിയവയും ജില്ലയിൽ വിവിധയിടങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ 111 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. ശൂരനാട്, ശൂരനാട് സൗത്ത്, കിളികൊല്ലൂർ, തൃക്കരുവ, വാടി, ശക്തികുളങ്ങര എന്നിവിടങ്ങളിലാണ് ഡെങ്കി കേസുകൾ അധികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് .