കരുനാഗപ്പള്ളി : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതൽ തടവിലാക്കി. തഴവ, എൻ.എൻ കോളേജ് കടത്ത്, നജാദ് എന്ന നിയാസ് ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2015 മുതൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലും കൊല്ലം എക്‌സൈസിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ള 10 ക്രിമിനൽ കേസുകളിലെ പ്രതിയാണ് നിയാസ്. ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ എൻ.ദേവീദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
കരുനാഗപ്പളളി പൊലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാസ്, ഷെമീർ, ബിജു, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്കുമാർ, ബഷീർഖാൻ എന്നിവരടങ്ങിയ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. നിയാസിനെ റിമാൻഡ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഈ വർഷം കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലേക്ക് അയക്കുന്ന നാൽപ്പത്തൊമ്പതാമത്തെ കുറ്റവാളിയാണ് നിയാസ്. സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ അറിയിച്ചു.