malumel
ചേലക്കോട്ടുകുളങ്ങര -മാലുമേൽ റോഡ് പുനർനിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ധർണയും ഉപരോധ സമരവും ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ചേലക്കോട്ടുകുളങ്ങര- മാലുമേൽ റോഡ് പുനർനിർമ്മാണം വൈകുന്നതിൽ പ്രതിഷേധം ശക്തം. റോഡിന്റെ പുനർനിർമ്മാണത്തിനായി 8 മാസം മുൻപ് കൊല്ലം ജില്ലാ പഞ്ചായത്ത് ടെണ്ടർ ഉറപ്പിച്ചിരുന്നു. 6 മാസം മുമ്പ് കാരാറുകാരൻ റോഡ് പുനർനിർമ്മാണത്തിനായി 200 മീറ്റർ ഭാഗത്തെ ടാറിംഗ് ഇളക്കി മാറ്റി. എന്നാൽ കരാറുകാരൻ പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
ഈ റോഡ് വഴിയുള്ള യാത്ര ഇപ്പോൾ ദുഃസഹമായി തീർന്നിരിക്കുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പടെ നിരവധി പേർക്ക് ഈ റോഡിൽ വീണ് പരിക്കേറ്റിട്ടുണ്ട്.

ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം
പലതവണ കരാറുകാരനെയും ജില്ലാ പഞ്ചായത്ത് അധികൃതരെയും സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ധർണയും ഉപരോധവും സംഘടിപ്പിച്ചു.
ഇനിയും റോഡ് പണി വൈകിക്കുകയാണെങ്കിൽ ജില്ലാ പഞ്ചായായത്ത് മെമ്പറുടെ വസതിയിലേക്ക് മാർച്ചും
ജില്ലാപഞ്ചായത്ത് ഓഫീസ് ഉപരോധവും സംഘടിപ്പിക്കുമെന്ന് ജനകീയ കൂട്ടായ്മ പ്രവർത്തകർ അറിയിച്ചു.
ധർണയും ഉപരോധവും ഗ്രാമപഞ്ചായത്ത് മെമ്പർ തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. ജി.സജിത്കൃഷ്ണ അദ്ധ്യക്ഷനായി. ഷിബു.എസ്.തൊടിയൂർ, സസീർ, മാലുമേൽ കെ.വി.വിജയൻ, ആർ.കെ.വിജയകുമാർ, തൊടിയൂർ കുട്ടപ്പൻ, രഞ്ജിത്ത് മാലുമേൽ, അജയൻ തുടങ്ങിയവർ സംസാരിച്ചു.