കരുനാഗപ്പള്ളി: വർണം ചിത്ര രേഖ സ്കൂൾ ഒഫ് ആർട്ട്സിന്റെ നേതൃത്വത്തിൽ കാലുകൊണ്ട് ചിത്ര രചന നടത്തുന്നു. നശിച്ച് കൊണ്ടിരിക്കുന്ന പ്രകൃതിയെ സംരക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി ചിത്രകാരൻ അനി വർണവും 49 ശിഷ്യമാരും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 8.30 ന് വർണം ചിത്രരചനാ സ്കൂൾ ഒഫ് ആർട്ട്സിൽ വെച്ചാണ് പരിപാടി. ചിത്ര രചനാ പ്രകടനം യു.ആർ.എഫ് ഇന്റർ നാഷണൽ ജൂറി ഡോ.ഗിന്നിസ് സുനിൽ ഉദ്ഘാടനം ചെയ്യും. ചിത്രത്തിന്റെ പൂർത്തീകരണത്തിന് ശേഷം വൈകിട്ട് 4 ന് അനുമോദന യോഗം നടക്കും. സി.ആർ.മഹേഷ് എം.എൽ.എ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോപാർക്ക് എന്നിവർ ചേർന്ന് കലാകാരൻമാരെ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.