നാറ്റ്പാക് പ്രാഥമിക റിപ്പോർട്ട് കൊച്ചിൻ വാട്ടർ മെട്രോയ്ക്ക് കൈമാറി
കൊല്ലം: അഷ്ടമുടിക്കായൽ, ദേശീയജലപാത എന്നിവയെ ബന്ധിപ്പിച്ച് വാട്ടർ മെട്രോ ആരംഭിക്കാനുള്ള പ്രാഥമിക സാദ്ധ്യതാ പഠന റിപ്പോർട്ട് സാങ്കേതിക പരിശോധനയ്ക്കായി കൊച്ചിൻ വാട്ടർമെട്രോയ്ക്ക് നാറ്റ്പാക് കൈമാറി. അവർ ചൂണ്ടിക്കാട്ടുന്ന സാങ്കേതിക വശങ്ങൾ കൂടി പരിശോധിച്ച് വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിനും കോർപ്പറേഷനും കൈമാറും.
കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നു മൺറോത്തുരുത്ത്, കൊല്ലത്ത് നിന്നു കുണ്ടറയിലേക്കും തിരിച്ച് കൊല്ലം വഴി ചവറയിലേക്കും എന്നിങ്ങനെ രണ്ട് റൂട്ടുകളിലാണ് പഠനം നടത്തിയത്. കൊല്ലം-മൺറോത്തുരുത്ത് സർവീസ് ആദ്യം ആരംഭിക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. നിലവിൽ സ്ഥിരമായി ജലഗതാഗതത്തെ ആശ്രയിക്കുന്നവർ, വിനോദ സഞ്ചാരികൾ, വാട്ടർ മെട്രോ സജ്ജമായാൽ പുതുതായി എത്താൻ സാദ്ധ്യതയുള്ള യാത്രക്കാരുടെ എണ്ണം എന്നിവ സഹിതമുള്ള റിപ്പോർട്ടാണ് തയ്യാറാക്കിയിരിക്കുന്നത്.
ആവശ്യമായ ആഴം, പുതുതായി സജ്ജമാക്കേണ്ട ടെർമിനൽ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ, ടെർമിനലും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ആവശ്യമായ ഭൂമി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് കൊച്ചിൻ വാട്ടർ മെട്രോയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിദിനം 6000 യാത്രക്കാർ!
വിനോദസഞ്ചാരം, കണക്ടിംഗ് സർവീസുകൾ അടക്കം എല്ലാ സാഹചര്യങ്ങളും അനുകൂലമായാൽ രണ്ട് റൂട്ടുകളിൽ പ്രതിദിനം ആറായിരം യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രാഥമിക കണക്ക്. എന്നാൽ ജലഗതാഗത വകുപ്പിന്റെ കണക്ക് പ്രകാരം ദിവസം വിനോദ സഞ്ചാരികളടക്കം എണ്ണൂറോളം പേർ മാത്രമേ ജലഗതാഗതത്തെ ആശ്രയിക്കുന്നുള്ളു. എന്നാൽ, വാട്ടർ മെട്രോ യാഥാർത്ഥ്യമായാൽ സഹകരിക്കുമെന്ന് നാറ്റ്പാക് നടത്തിയ വിവരശേഖരണത്തിൽ വലിയൊരു വിഭാഗം ജനങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ആറായിരം യാത്രക്കാരെ പ്രതീക്ഷിക്കുന്നത്. കൊല്ലം- മൺറോതുരുത്ത് റൂട്ടിൽ 2000-2500നും ഇടയിൽ യാത്രാക്കാരെ പ്രതീക്ഷിക്കുന്നു.
കൊല്ലം- മൺറോത്തുരുത്ത് ഒരു മണിക്കൂർ
സാമ്പ്രാണിക്കോടി അടക്കമുള്ള വിവിധ സ്ഥലങ്ങൾ വഴി കൊല്ലം -മൺറോത്തുരുത്ത് സർവീസിന് നിലവിൽ ഒരു മണിക്കൂറാണ് നാറ്റ് പാക് കണക്കാക്കിയിരിക്കുന്നത്. കൊച്ചിൻ വാട്ടർ മെട്രോയുടെ സാങ്കേതിക പരിശോധനയിൽ മാത്രമേ കൃത്യമായ സമയം വ്യക്തമാകു. പരമാവധി വേഗം ആർജ്ജിക്കാൻ സർവീസ് കടന്നുപോകുന്ന റൂട്ടിൽ നിശ്ചിത ആഴത്തിൽ ഡ്രഡ്ജിംഗ് നടത്തേണ്ടി വരും.