കൊല്ലം: കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ സോപാനം കലാകേന്ദ്രത്തിൽ നടക്കുന്ന നൃത്തോത്സവത്തിൽ കേരളത്തെ പിടിച്ചുലച്ച സമകാലിക സംഭവങ്ങൾ കോർത്തിണക്കിയ നൃത്ത ശിൽപ്പം അവതരിപ്പിച്ച് ചലച്ചിത്രതാരം നവ്യാ നായരു സംഘവും. ആലുവയിൽ എട്ടു വയസുകാരിക്ക് നേരെ ഉണ്ടായ അതിക്രമവും കൊല്ലം ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവും കോർത്തിണക്കിയ നൃത്തശില്പമാണ് നവ്യാ നായരും സംഘവും അവതരിപ്പിച്ചത്. കുട്ടിയെ നഷ്ടപ്പെട്ട അമ്മയുടെ മനോനില തെറ്റിയ രംഗങ്ങളും അമ്മയുടെ കുഞ്ഞുമായുള്ള ഓർമ്മകളും നവ്യാനായർ നൃത്തത്തിലൂടെ അവതരിപ്പിച്ചത് കാഴ്ച്ചക്കാരുടെ ഉള്ളുലച്ചു. ഒന്നര മണിക്കൂർ നീണ്ട് നിന്ന നൃത്താവതരണമാണ് നവ്യയും 20 പേരടങ്ങുന്ന സംഘവും അവതരിപ്പിച്ചത്. എത്ര സ്റ്റേജിലും നൃത്തങ്ങൾ അവതരിപ്പിച്ചാലും ഇപ്പോഴും സ്റ്റേജിൽ കയറാൻ ഭയമാണെന്ന് നവ്യാ നായർ പറഞ്ഞു. നവ്യാ നായർക്ക് മേയർ പ്രസന്ന ഏണസ്റ്റും, ഡെപ്യൂട്ടി മേയർ കൊല്ലം മധുവും ചേർന്ന് കോർപ്പറേഷന്റെ ആദരവ് നൽകി.നൃത്തഫെസ്റ്റിവൽ 29 ന് സമാപിക്കും..