photo

കൊല്ലം: പി​ന്നണി​ ഗായകനുള്ള ഇത്തണത്തെ സംസ്ഥാന സർക്കാർ അവാർഡ് ലഭി​ച്ച കപി​ൽ കപി​ലന് മധുരമൂറുന്ന ഓർമ്മകൾ നി​റയുന്ന ഇടമാണ് കലോത്സവ വേദി​കൾ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ലഭിച്ച എ ഗ്രേഡ് അന്നും ഇന്നും വലിയ നിധിയായി സൂക്ഷിക്കുകയാണ് കപി​ൽ.

2007ൽ പുത്തൂർ പവിത്രേശ്വരം കെ.എൻ.എൻ.എം എച്ച്.എസ്.എസിൽ പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് കണ്ണൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്. ശാസ്ത്രീയ സംഗീതം, ലളിത ഗാനം എന്നീ ഇനങ്ങളിൽ മത്സരിച്ചു. ലളിതഗാനത്തിന് ബി ഗ്രേഡ് ആയി​രുന്നു. ശാസ്ത്രീയ സംഗീതത്തിന് എ ഗ്രേഡിന്റെ തിളക്കം. സ്കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനങ്ങളും തിലക- പ്രതിഭ പട്ടങ്ങളും ഒഴിവാക്കിയതിന്റെ തൊട്ടടുത്ത വർഷത്തെ കലോത്സവമായിരുന്നു അത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെ ശാസ്ത്രീയ സംഗീതത്തിനും ലളിതഗാനത്തിനും ഒന്നാമനായിരുന്നു. പിന്നെ ചാനൽ പരിപാടികളിലടക്കം നിറഞ്ഞുനിന്ന ഗായകനായി. ഇപ്പോഴും സ്കൂൾ കലോത്സവത്തിൽ ലഭി​ച്ച എ ഗ്രേഡ് നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുകയാണ് കപിൽ കപിലൻ.

മറക്കാനാവാത്ത യാത്ര

സ്കൂൾ കലോത്സവത്തിന് ട്രെയിനിലാണ് അന്ന് കണ്ണൂരിലേക്കു പോയത്. ഗുരു തേവലപ്പുറം കെ.ജി.കൃഷ്ണകുമാറും ഒപ്പമുണ്ടായിരുന്നു. ചേട്ടനെപ്പോലെ, അല്ലെങ്കിൽ കൂട്ടുകാരനെപ്പോലെ ഇടപെടുന്ന മാഷിനൊപ്പമുള്ള യാത്ര സുന്ദരമായിരുന്നു. തലേന്ന് കലോത്സവ നഗരിയിലെത്തി എല്ലാം ചുറ്റിക്കണ്ടു. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയുടെ ഭാഗമായി, സമ്മാനവുമായി മടങ്ങിവന്നപ്പോൾ വലിയ സ്വീകരണവും ലഭിച്ചു.

കൊട്ടാരക്കര പുത്തൂർ പാങ്ങോട് കരിമ്പിൻപുഴ കണ്ടുവേലിൽക്കുന്നിൽ വീട്ടിൽ സി.ആർ.മധുസൂദനൻ പിള്ളയുടെയും സി.രാധാമണിയമ്മയുടെയും മകനാണ് കപിൽ എം.നായരെന്ന കപിൽ കപിലൻ. ചെന്നൈ എ.ആർ.റഹ്മാൻ മ്യൂസിക് കോളേജിൽ ഫൗണ്ടേഷൻ കോഴ്സും സ്റ്റീഫൻ ദേവസി​യുടെ മ്യൂസിക് ലോഞ്ചിൽ നിന്ന് സൗണ്ട് എൻജിനീയറിംഗും പഠിക്കവേയാണ് സിനിമയിലേക്ക് വഴിതുറന്നത്. കന്നട, തെലുങ്ക് സിനിമകളിലാണ് ആദ്യം പാടിയത്. ബാച്ചിലർ എന്ന സിനിമയിലെ 'അടിയേ..' എന്ന ഗാനം വൻ ഹിറ്റായി. പല്ലൊട്ടി 90സ് കിഡ്സ് എന്ന സിനിമയ്ക്കായി 'കനവേ മിഴിയിലുയരെ...' എന്ന ഗാനത്തിനാണ് സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഇതിനു ശേഷം മലയാളത്തിലടക്കം പത്ത് ചിത്രങ്ങൾക്കുവേണ്ടി പാടിയ പാട്ടുകൾ റിലീസ് ആയിട്ടുണ്ട്.

ഈ മാസം 23ന് ഭാര്യ ശ്രുതിക്കൊപ്പം പുത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സംസ്ഥാന കലോത്സവം കൊല്ലത്താണ് നടക്കുന്നതെന്ന് അറിഞ്ഞത്. അഭിമാനവും സന്തോഷവും തോന്നി. എന്നാൽ കാണാൻ പറ്റുന്നില്ലെന്ന സങ്കടവുമുണ്ട്. ഇന്ന് ചെന്നൈയിലേക്ക് മടങ്ങും. കലോത്സവം വളർത്തിയ പാട്ടുകാരനെന്ന് അഭിമാനത്തോട് പറയാറുണ്ട്

കപിൽ കപിലൻ