രണ്ടു ബേക്കറികൾ അടപ്പിച്ചു
കൊല്ലം: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നാല് സ്ക്വാഡുകളുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിൽ പരിശോധനകൾ കർശനമാക്കി. 19ന് ആരംഭിച്ച പരിശോധന 31വരെ നീളും. ക്രിസ്മസിനോടനുബന്ധിച്ച് 19 മുതൽ 24 വരെ 175 പരിശോധനകളാണ് നടത്തിയത്.
കൊട്ടാരക്കരയിലെയും പുനലൂരിലെയും രണ്ട് കടകൾ അടപ്പിച്ചു. അലക്ഷ്യമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്തു, വൃത്തിഹീനമായ നിലയിൽ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി എന്നിവയെത്തുടർന്നാണ് ബേക്കറികൾ അടപ്പിച്ചത്. ഏറ്റവും അധികം അപാകതകൾ കണ്ടെത്തിയത് സിറ്റി പരിധിയിലെ ഇരവിപുരം മേഖലയിലാണ്. ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. ഇവയുടെ ഫലം ലഭ്യമാകുന്ന മുറയ്ക്ക് മറ്റ് നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷവകുപ്പ് അധികൃതർ അറിയിച്ചു.
രജിസ്‌ട്രേഷൻ ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത് 50,000 മുതൽ 10 ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഓൺലൈൻ വഴിയാണ് രജിസ്‌റ്റർ ചെയ്യേണ്ടത്.
രജിസ്റ്റർ ചെയ്യേണ്ട വിധം
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്‌ട്രേഷൻ സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി ചെയ്യാം. ഗൂഗിളിൽ ഫോസ്‌കോസ് (FOSCOS) എന്ന് സെർച്ച് ചെയ്യണം. തുടർന്ന് ലഭിക്കുന്ന പേജിൽ വിവരങ്ങൾ നൽകുക. ശേഷം അപേക്ഷിക്കുന്നയാളുടെ ചിത്രവും തിരിച്ചറിയൽ രേഖകളും അപ്‌ലോഡ് ചെയ്ത് 100 രൂപ ഫീസ് അടയ്ക്കണം. തുടർന്ന് ഈ അപേക്ഷ സ്ഥലത്തെ എഫ്.എസ്.ഒ (ഫുഡ് സേഫ്ടി ഓഫീസർ) പരിശോധിച്ച ഏഴ്ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇത് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം . ഒരുവർഷമാണ് കാലാവധി. അഞ്ച് വർഷത്തേക്കാണ് രജിസ്‌ട്രേഷനെങ്കിൽ 500രൂപ ഫീസ് അടച്ചാൽ മതിയാകും. വിറ്റ് വരവ് നിത്യേന 3300 രൂപയ്ക്ക് മുകളിലുള്ളവർ രജിസ്‌ട്രേഷന് പുറമേ ഭക്ഷ്യസുരക്ഷ ലൈസൻസും സ്വന്തമാക്കണം.
...........................
ആകെ പരിശോധനകൾ- 172
അപാകതകൾ പരിഹരിക്കാൻ നോട്ടീസ് നൽകിയത് - 26
കടകൾ അടപ്പിച്ചത് -രണ്ട്
സംശയത്തിന്റെ അടിസ്ഥാനത്തിൽ ശേഖരിച്ച സാമ്പിളുകൾ- 94
പഠന വിധേയമാക്കാനായി ശേഖരിച്ച സാമ്പിളുകൾ- 19
കോമ്പൗണ്ടിംഗ് നോട്ടീസ് നൽകിയത്- 36