കൊല്ലം: ദേശീയപാത 66ൽ മേവറം കാവനാട് ബൈപ്പാസ് അവസാനിക്കുന്ന ആൽത്തറമൂട് ജംഗ്ഷനിലെ ആലിന് സമീപത്തെ റോഡ് തകന്ന് രൂപപ്പെട്ട വലിയ കുഴി അപകടക്കെണിയാകുന്നു. നിരവധിയാത്രക്കാരാണ് ദിനം പ്രതി ഈ കുഴിയിൽ വീണ് പരിക്കേൽക്കുന്നത്. റോഡിലെ ടാറും മെറ്റലും ഇളകിയിട്ട് നാളുകളേറെയായെങ്കിലും നന്നാക്കുന്നതിനുള്ള നടപടികളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. രണ്ട് വശത്തും നിന്നും വാഹനങ്ങൾ വരുന്നതിനാൽ പലവാഹനങ്ങളും സൈഡ്‌ കൊടുക്കാനായി മാറ്റിയാൽ വീഴുന്നത് ഈ കുഴികളിലേക്കാണ്. ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും.

ദേശീയപാത അതോറിട്ടിയുടെ നിയന്ത്രണത്തിലുള്ള റോഡാണിത്. റോഡ് പണിയും പാലം പണിയും നടക്കുന്നതിനാൽ റോഡിന്റെ രണ്ട് ഭാഗത്തും നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങളും കൊല്ലത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഇത് വഴിയാണ് കടന്ന് പോകുന്നത്. കുഴി തിരിച്ചറിയാനായി ഒരു വീപ്പ മാത്രമാണ് എൻ.എച്ച്.എ.ഐ അധികൃതർ ഇവിടെ സ്ഥാപിച്ചത്. വെളിച്ചമില്ലാത്തതിനാൽ വീപ്പയിൽ വാഹനങ്ങൾ വന്നിടിക്കുകയും നിയന്ത്രണം വിട്ട് വാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്.

സമീപത്തെ ഓട്ടോതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ നിരവധി തവണ എൻ.എച്ച്.എ.ഐക്ക് പരാതി നൽകിയിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.


വെളിച്ചക്കുറവും വെള്ളക്കെട്ടും

മതിയായ വെളിച്ചം ഈ ഭാഗത്തില്ല. രാത്രിയിലാണ് ഇവിടെ അപകടങ്ങളേറെയും ഉണ്ടാകുന്നത്. വെളിച്ചമില്ലാത്തതിനാൽ അപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുന്നവരെ പലപ്പോഴും കാണാൻ സാധിക്കാതെ തക്കസമയത്ത് ഇവരെ ആശുപത്രിയിലെത്തിക്കാൻ കഴിയാറില്ലെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് ഈ റോഡിൽ വെള്ളം കെട്ടികിടക്കുന്നതിനാൽ റോഡും കുഴിയും തിരിച്ചറിയാനാകാതെ അപകടത്തിൽപ്പെടുന്നവരും നിരവധിയാണ്.