കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് ഗ്രീൻ പ്രേട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ഡ്രൈവും ഹരിതകലോത്സവം വിളംബര ജാഥയും സംഘടിപ്പിക്കും. 30ന് രാവിലെ എട്ട്മുതൽ 11വരെയാണ് പരിപാടി. ഹരിത കലോത്സവം വിളംബരജാഥ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എം മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. വിളംബര ജാഥ ചിന്നക്കട ക്ലോക്ക് ടവറിന് മുന്നിൽ നിന്ന് ആരംഭിച്ച് ആശ്രാമം മൈതാനത്ത് സമാപിക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ഗ്രീൻ പ്രേട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ലീൻ ഡ്രൈവ്. ഹരിത കലോത്സവത്തിന്റെ ഭാഗമായി കലോത്സവ വേദികളും നഗരവും പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ക്രിയാത്മകമായ ഉത്പന്നങ്ങൾ തത്സമയം നിർമ്മിക്കാൻ പ്രധാന വേദിക്കു സമീപം സൗകര്യങ്ങളൊരുക്കും. തിരഞ്ഞെടുക്കുന്നവ ആശ്രാമം മൈതാനത്ത് സ്ഥിരമായി സ്ഥാപിക്കും.

കലോത്സവ വേദിക്കു സമീപം ഹരിത സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ പവലിയനുകൾ ഒരുക്കും. 30ന് നടക്കുന്ന ചടങ്ങിൽ ജില്ലയിലെ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കും.