പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽ 27, 28, 29 തീയതികളിലായി ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് സ്വീകരണം നൽകും. 27ന് വൈകിട്ട് 5ന് കുട്ടനാട് യൂണിയനിൽ നിന്ന് വരുന്ന 300 പദയാത്രികരെ യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയായ ആനയടി വയ്യാങ്കരയിൽ സ്വീകരിച്ച് 37 ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ങി. വൈകിട്ട് തറവാട് ഓഡിറ്റോറിയത്തിലും യൂണിയൻ ആസ്ഥാനത്തും ഭക്ഷണത്തിന് ശേഷം വിശ്രമിക്കും. 28ന് രാവിലെ 7ന് കോട്ടയം വാകത്താനത്തു നിന്നും എത്തുന്ന പദയാത്രികരെ ജില്ലാ അതിർത്തിയായ വയ്യാങ്കരയിൽ സ്വീകരിച്ച് ആനയടി ശാഖയിൽ പ്രഭാത ഭക്ഷണത്തിന് ശേഷം ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ങി ഉച്ചയ്ക്ക് യൂണിയൻ ആസ്ഥാനത്ത് ഭക്ഷണവും വിശ്രമവും. അന്നേ ദിവസം ഉച്ചയ്ക്ക് 11ന് ചങ്ങനാശ്ശേരി യൂണിയനിലെ തുരുത്തിയിൽ നിന്ന് എത്തുന്ന പദയാത്രികർക്ക് ഉച്ചയ്ക്ക് 11ന് വയ്യാങ്കരയിൽ സ്വീകരണവും ആനയടി ശാഖയിൽ ഉച്ച ഭക്ഷണവും വിശ്രമവും തുടർന്ന് യൂണിയന്റെയും 37 ശാഖകളുടെയും സ്വീകരണം ഏറ്റുവാങ്ങി കുണ്ടറ യൂണിയനിൽ പ്രവേശിക്കും. സ്വീകരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു എന്ന് യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ , സെക്രട്ടറി റാം മനോജ് കോർഡിനേറ്റർ വി. ബേബികുമാർ എന്നിവർ അറിയിച്ചു.