kunnathoor
കുഴിച്ചിട്ട പ്ലാസ്റ്റിക് മാലിന്യം ജെ.സി.ബി ഉപയോഗിച്ച് പുറത്തെടുക്കുന്നു

കുന്നത്തൂർ : ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിൽ ആയിക്കുന്നം എട്ടാം വാർഡിൽ ഹരിതകർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കുഴിച്ചു മൂടിയത് പ്രതിഷേധത്തിനിടയാക്കി. ഹരിത കർമ്മ സേന അംഗങ്ങളായ സലീന,ലതിക എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണ് മാന്തി യന്ത്രം എത്തിച്ച് 20 അടിയോളം താഴ്ചയിൽ മാലിന്യം കുഴിച്ചുമൂടിയത്. സലീനയാണ് സ്വന്തം വസ്തുവിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് 150 ചാക്കോളം പ്ലാസ്റ്റിക് മാലിന്യം മൂടിയത്. ഇരുവരെയും പഞ്ചായത്ത് അധികൃതർ ജോലിയിൽ നിന്ന് പുറത്താക്കുകയും ശൂരനാട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫിൽ നിക്ഷേപിച്ച ശേഷം പിന്നീട് പഞ്ചായത്തിലേക്ക് മാറ്റുകയും വാഹനം എത്തുന്നതിന് അനുസരിച്ച് തരംതിരിക്കുകയുമാണ് പതിവ്. എന്നാൽ ഏതാനും നാളുകളായി ആയിക്കുന്നം വാർഡിൽ നിന്ന് മാലിന്യം പഞ്ചായത്തിലേക്ക് എത്തിച്ചിരുന്നില്ല. പ്ലാസ്റ്റിക് കുറവാണെന്നാണ് പഞ്ചായത്തിനെ അറിയിച്ചിരുന്നത്. എന്നാൽ സലീനയുടെ പറമ്പിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യം മഴയും വെയിലുമേറ്റ് വേർതിരിക്കാൻ പറ്റാത്ത വിധത്തിലായി കഴിഞ്ഞിരുന്നു. ഇതിനിടയിൽ ഇവരുടെ വസ്തു വിൽപ്പനയ്ക്ക് ധാരണയാവുകയും ചെയ്തു. തുടർന്നാണ് ഇവർ മാലിന്യം കുഴിച്ചുമൂടിയത്. സമീപവാസികൾ എതിർപ്പ് അറിയിച്ചിരുന്നെങ്കിലും അംഗീകരിച്ചില്ല. സംഭവം വലിയ വിവാദമായതോടെ വാർഡ് മെമ്പർ സജീവിന്റെ നേതൃത്വത്തിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചിട്ട പ്ലാസ്റ്റിക്ക് മാലിന്യം മാറ്റുകയായിരുന്നു.