കൊട്ടാരക്കര: പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ പുസ്തക സ്തൂപത്തിലെ പുസ്തകങ്ങൾ കത്തിച്ച് നശിപ്പിച്ച സംഭവത്തിൽ പ്രദേശ വാസികളായ വിദ്യാർത്ഥികളാണ് പ്രതികളെന്ന് കണ്ടെത്തി. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രായപൂർത്തിയാകാത്ത അഞ്ചുപേർ തങ്ങളാണ് പുസ്തകം നശിപ്പിച്ചതെന്ന് നേരിട്ട് വെളിപ്പെടുത്തിയത്. ക്ഷമാപണം നടത്തിയതിനെത്തുടർന്ന് കേസ് തുടർന്ന് നടത്തേണ്ടെന്ന നിലപാടിലാണ് വായനശാല ഭാരവാഹികൾ. പുസ്തക ഗ്രാമമായി പ്രഖ്യാപിച്ച പെരുംകുളത്തെ പുസ്തക സ്തൂപം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിലുണ്ടായിരുന്ന പുസ്തകങ്ങളാണ് കുറച്ച് താഴേക്ക് വലിച്ചെറിഞ്ഞതും ശേഷിച്ചത് രണ്ടിടങ്ങളിലായിട്ട് കത്തിച്ചതും. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു.