kadappadaka-

കൊല്ലം: കടപ്പാക്കട സ്പോർട്സ് ക്ലബിൽ പുതുതായി നിർമ്മിച്ച എയർ കണ്ടീഷൻഡ് മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 31ന് ഉച്ചയ്ക്ക് 12ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.

ക്ലബിന്റെ ആദ്യകാല പ്രസിഡന്റായിരുന്ന നിയമസഭാ മുൻ സ്പീക്കർ വി.ഗംഗാധരനോടുള്ള ആദര സൂചകമായി ഗംഗ ഹാൾ എന്നാണ് മിനി ഓഡിറ്റോറിയത്തിന് പേര് നൽകിയിരിക്കുന്നത്. എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ട് കൂടി ഉപയോഗിച്ചാണ് ഹാളിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് ക്ലബ് പ്രസിഡന്റ് അഡ്വ.ജി.സത്യ ബാബുവും സെക്രട്ടറി ആർ.എസ്.ബാബുവും അറിയിച്ചു. ഹാളിന്റെ നാമകരണം കവിയും എഴുത്തുകാരിയുമായ അനിതാ തമ്പി നിർവഹിക്കും. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ സഞ്ചരിക്കുന്ന ഓർമ്മ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു സംസാരിക്കും. ഹിന്ദുസ്ഥാൻ ലാറ്റക്സ് മുൻ മേധാവിയും കേരളത്തിലെ പ്രമുഖ സാംസ്കാരിക സംഘാടകനുമായ ഡോ.ജി.രാജ്മോഹനെ ആദരിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ ഉപകാര സമർപ്പണം നടത്തും. ഉദ്ഘാടനത്തിന്റെ ഭാഗമായി രാവിലെ 11.30 മുതൽ ഡോ.ദീപ്തി പ്രേം നയിക്കുന്ന ദേവരാജൻ ഫൗണ്ടേഷൻ മ്യൂസിക് ടീമിന്റെ സംഗീത വിരുന്ന് ഉണ്ടാകും.