d

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ- കണ്ണനല്ലൂർ റോഡിലെ അനധികൃത പാർക്കിംഗിന് പൂട്ടിടാനൊരുങ്ങി ട്രാഫിക്ക് പൊലീസും കോർപ്പറേഷനും. യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും കാൽനടയായി സഞ്ചരിക്കാനാകാത്ത വിധം ബൈക്കുകൾ റോഡിന്റെ ഇരുവശവും പാർക്ക് ചെയ്യുന്നതായി നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നടപടി സ്വീകരിക്കാൻ ട്രാഫിക്ക് പൊലീസും കോർപ്പറേഷൻ അധികൃതരും തീരുമാനിച്ചത്.

കണ്ണനല്ലൂർ റോഡിലേതിനു സമാനമായി റെയിൽവേ സ്റ്റേഷന് എതിർവശവും ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തുമെല്ലാം നൂറ്കണക്കിന് ഇരുചക്രവാഹനങ്ങളാണ് പാർക്ക് ചെയ്തിരിക്കുന്നത്. തിരക്കേറിയ റോഡിൽ പാർക്കിംഗ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അനധികൃത പാർക്കിംഗ് നിർബാധം തുടരുകയാണ്. വൈകിട്ട് സ്‌കൂൾ, കോളേജ് കഴിഞ്ഞു വരുന്ന വിദ്യാർത്ഥികളും ജോലികഴിഞ്ഞ് വരുന്ന സ്ത്രീകളുമാണ് ഇത്തരം അനധികൃത പാർക്കിംഗ് മൂലം ബുദ്ധിമുട്ടുന്നത്.

റെയിൽവേ അധികൃതർ ഈസ്റ്റ് പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതിയ വിശാലമായ പേ ആൻഡ് പാർക്കിംഗ് സൗകര്യം ആരംഭിച്ചെങ്കിലും യാത്രക്കാരിൽ ഭൂരിഭാഗം ഈ സംവിധാനം ഉപയോഗിക്കാതെ റോഡിൽ പാർക്ക് ചെയ്ത് പോകുകയാണ് പതിവ്.


ബൈക്ക് മോഷണം പതിവ്

ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപത്തും റെയിൽവേ സ്റ്റേഷൻ -കണ്ണനല്ലൂർ റോഡിലും പാർക്ക്‌ ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷണം പോകുന്നത് പതിവാണ്. ഒരാഴ്ചത്തേക്കും ഒരുമാസത്തേക്കും ബൈക്കുകൾ പുറത്ത് പാർക്ക് ചെയ്ത് പോകുന്ന ഉടമകൾ യാത്രകഴിഞ്ഞ് തിരികെയെത്തുമ്പോഴാണ് ബൈക്കുകൾ മോഷണം പോയ വിവരമറിയുന്നത്.ഇത്തരം വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്ന സംഘവും സജീവമാണ്. ബൈക്ക് ഉടമകളിൽ പലരും പരാതിപ്പെടാറുണ്ടെങ്കിലും മോഷണം നടത്തുന്നവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് താക്കീത് നൽകി വിട്ടയയ്ക്കുകയാണ് പതിവ്.

ഘട്ടം ഘട്ടമായി ഒഴിപ്പിക്കും

ട്രാഫിക്‌റെഗുലേറ്ററി അതോറിട്ടി കമ്മിറ്റി അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. കണ്ണനല്ലൂർ റോഡിലുൾപ്പെടെയുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്ന് മേയറും നിലപാടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് പൊലീസ് വിവിധയിടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നോട്ടീസ് പതിയ്ക്കുകയും പിഴ ഈടാക്കുകയും ചെയ്തതായി ട്രാഫിക് പൊലീസ് പറഞ്ഞു.

അനധികൃത പാർക്കിംഗ് ഇനി അനുവദിക്കില്ല. ഒറ്റയടിയ്ക്ക് ഒഴിവാക്കാതെ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.


സുരേഷ് കുമർ

ട്രാഫിക് എസ്.ഐ