കൊട്ടാരക്കര : 91ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലൂടെ കടന്നുപോകുന്ന ശിവഗിര തീർത്ഥാടന പദയാത്രാ സംഘങ്ങൾക്ക് യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും. കോട്ടയം യൂണിയന്റെയും പള്ളം പദയാത്രാ സമിതിയുടെയും നേതൃത്വത്തിൽ എത്തിച്ചേരുന്ന പദയാത്രയെ കുളക്കടയിൽ യൂണിയൻ നേതാക്കൾ സ്വീകരിക്കും. തുടർന്ന് കുളക്കട ,പൂവറ്റൂർടൗൺ,പൂവറ്റൂർ തച്ചൻമുക്ക്, വെണ്ടാർ, കോട്ടാത്തല ശാഖാ യോഗങ്ങളുടെ സ്വീകരണത്തിനു ശേഷം കോട്ടാത്തലയിൽ വിശ്രമിക്കും. 29ന് രാവിലെ പുറപ്പെട്ട് കൊട്ടാരക്കര ടൗൺ, നീലേശ്വരം, കാക്കക്കോട്ടൂർ, ഇടയ്ക്കിടം, കടയ്ക്കോട് പടിഞ്ഞാറ്റിൻകര. കടക്കോട് , മാരൂർ, കുടവട്ടൂർ, കട്ടയിൽ, ഓടനാവട്ടം, വിലങ്ങറ, ചെപ്ര,തുറവൂർ, കളപ്പില, വെളിയം സെൻട്രൽ ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ങി വെളിയം സെൻട്രൽ ശാഖയിൽ വിശ്രമിക്കും. തുടർന്ന് 30ന് രാവിലെ ഓയൂർ,കരിങ്ങന്നൂർ, പുത്തൻവിള, മോട്ടോർകുന്ന്, പുതുശ്ശേരി തുടങ്ങിയ ശാഖകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും.
അടൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ അതിർത്തിയിൽ എത്തിച്ചേരുന്ന പദയാത്രയ്ക്ക് യൂണിൻ ഓഫീസിൽ സ്വീകരണം നൽകും. മീനച്ചൽ യൂണിയനിൽ നിന്ന് എത്തിച്ചേരുന്ന പദയാത്രാ സംഘത്തിന് മേലില ,വെട്ടിക്കവല, നടുക്കുന്ന് ശാഖകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. സ്വീകരണ പരിപാടകൾക്ക് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, യൂണിയൻ സെക്രട്ടറി അഡ്വ പി.അരുൾ എന്നിവർ നേതൃത്വം നൽകും. ശിവഗിരി തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.