കൊല്ലം: പവിത്രേശ്വരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച സ്ലിപ്പ് വിതരണത്തിനിടെ സി.പി.എം എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ദേവദത്തനെ (ബാബു-54) തടഞ്ഞു നിറുത്തി അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സുനിൽ കുമാർ (53) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊല്ലം നാലാം അഡീഷണൽ സെഷൻസ് ജഡ്‌ജ് എസ്. സുഭാഷ് ഇന്നു ശിക്ഷ വിധിക്കും.
2018 ഡിസംബറിലായിരുന്നു കൊലപാതകം. കേസിലെ ഒന്നാം സാക്ഷിയും, പൊതുപ്രവർത്തകനുമായ മാത്തുക്കുട്ടിയുമായി ബൈക്കിൽ പോകവേ എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി പവിത്രേശ്വരം കൈതക്കോട് പൊയ്കവിള വീട്ടിൽ ദേവദത്തനെ തടഞ്ഞു നിറുത്തി അടിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഓച്ചിറ.എൻ. അനിൽ കുമാർ, അഡിഷണൽ പ്രോസിക്യൂട്ടർമാരായ കെ.ബി. മഹേന്ദ്ര, എ.കെ. മനോജ്, അഡ്വ. ആസിഫ് റിഷിൻ, അഡ്വ. എസ്. സിനി. എന്നിവർ കോടതിയിൽ ഹാജരായി.