എ.സി​യും ഫാനുകളും കേടായി​ട്ട് നാളുകൾ

കൊല്ലം: പാരിപ്പള്ളി മെഡി. ആശുപത്രി​യി​ൽ കിടത്തി ചികിത്സയിലുള്ള രോഗികൾ അനുഭവിക്കുന്ന കൊടി​യ ദുരിതം കണ്ടി​ട്ടും നടപടി​ എടുക്കാതെ അധി​കൃതർ. എ.സി​കൾക്കു പി​ന്നാലെ ഫാനുകളും കൂട്ടത്തോടെ കേടായതി​നാൽ വാർഡുകളിൽ രോഗികൾ ഉരുകിയൊലിക്കുകയാണ്. പുതിയ കട്ടിലുകളിൽ വിരിക്കാൻ ഷീറ്റ് പോലും നൽകുന്നില്ല.

എയർ കണ്ടി​ഷൻ സംവിധാനത്തിന് വേണ്ടി വാർഡിന്റെ ഉയരം രണ്ടര മീറ്ററായി ചുരുക്കി സീലിംഗ് ചെയ്തിരിക്കുകയാണ്. എയർ കണ്ടീഷൻ തകരാറിലായപ്പോൾ ഫാനുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ വാർഡുകളിലെ ഭൂരിഭാഗം ഫാനുകളും കേടായിട്ട് വർഷങ്ങൾ പിന്നിടുകയാണ്. അതി​നാൽ ഉഷ്ണം സഹിക്കാനാകാതെ പ്രായമുള്ള രോഗികളടക്കം കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. സാധാരണ മുറികൾക്ക് കുറഞ്ഞത് മൂന്ന് മീറ്റർ ഉയരമെങ്കിലും വേണം. കൂടുതൽ പേർ ഒരു സമയം ഉണ്ടാകാറുള്ള മുറികളിൽ വായുവിന്റെ സുഗമമായ പ്രവാഹത്തിന് കുറഞ്ഞത് മൂന്നര മീറ്റർ ഉയരമാണ് വേണ്ടത്. എന്നാൽ കഷ്ടിച്ച് രണ്ടര മീറ്റർ മാത്രം ഉയരമുള്ള വാർഡുകളിൽ ശുദ്ധവായുവിന്റെ പ്രവാഹവും സുഗമമായി നടക്കുന്നില്ല. ഈച്ച, കൊതുക്, പാറ്റ, മൂട്ട എന്നിവയുടെ ശല്യം കാരണം രോഗികൾക്ക് സ്വസ്ഥമായി കിടക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.

തി​രി​ഞ്ഞു നോക്കാതെ ഡോക്ടർമാർ

ഇ.സി.ജിയിൽ വ്യതിയാനം കണ്ടെതിനെ തുടർന്ന് നെഞ്ചുവേദനയുമായി എത്തിയ വയോധികനെ കഴിഞ്ഞ ശനിയാഴ്ച അഡ്മിറ്റ് ചെയ്തിരുന്നു. കാർഡിയോളജിസ്റ്റെത്തി പരിശോധിക്കുമെന്നായിരുന്നു ആദ്യം പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ദിവസം മൂന്ന് കഴിഞ്ഞിട്ടും കാർഡിയോളജിസ്റ്റ് തിരിഞ്ഞു നോക്കിയിട്ടില്ല. നഴ്സുമാരോട് അന്വേഷിച്ചപ്പോൾ, കാർഡിയോളജിസ്റ്റ് ഒ.പിയിൽ ഉള്ളപ്പോൾ ബന്ധുക്കൾ പോയി കണ്ട് സമയമെടുക്കണമെന്ന മറുപടിയാണ് ലഭിച്ചത്. രോഗികളുടെ അവസ്ഥയെക്കുറിച്ച് ബന്ധുക്കളോട് കൃത്യമായി കാര്യങ്ങൾ പറയുന്നില്ലെന്നും പരാതിയുണ്ട്.

ഐ.സി.യുവിൽ മൂന്ന് നഴ്സുമാർ

ഐ.സി.യുവിൽ ഒരു രോഗിക്ക് ഒരു നഴ്സ് വേണമെന്നാണ് ചട്ടം. എന്നാൽ 19 രോഗികൾ വരെയുളള ഐ.സി.യുവിൽ മൂന്ന് നഴ്സുമാർ മാത്രമേയുള്ളു. കൊവിഡ് ഐ.സി.യു ആരംഭിച്ചതോടെ മെഡിക്കൽ ഐ.സി.യുവും സർജറി ഐ.സി.യുവും ഒരുമിച്ചാക്കി. ഇത് ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്നവരിൽ അണുബാധയ്ക്ക് ഇടയാക്കുമോയെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.