കലോത്സവത്തിൽ പങ്കെടുക്കാൻ അപ്പീലുമായി ഭിന്നശേഷിക്കാരൻ
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം സ്വന്തം ജില്ലയിലെത്തിയപ്പോൾ, പങ്കെടുക്കാൻ അവസരം ലഭിക്കാത്ത വിഷമത്തിലാണ് ഭിന്നശേഷിക്കാരനായ ആദിത്യ സുരേഷ്. വീൽ ചെയറിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുന്നിൽ പാട്ടുപാടാൻ ഭാഗ്യം ലഭിച്ച ആദിത്യ പ്രതീക്ഷ കൈവിട്ടിട്ടില്ല.
കടമ്പനാട് ഏഴാംമൈൽ മാനാമ്പുഴ രഞ്ജിനി ഭവനിൽ ടി.കെ.സുരേഷിന്റെയും രഞ്ജിനിയുടെയും രണ്ട് മക്കളിൽ ഇളയവനായ ആദിത്യ സുരേഷ് നെടിയവിള വി.ജി.എസ്.എസ് അംബികോദയം എച്ച്.എസ്.എസിലെ പ്ളസ് ടു ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയാണ്. ലളിതഗാനം, മലയാളം പദ്യപാരായണം, സംസ്കൃത പദ്യപാരായണം എന്നിവയിലാണ് റവന്യു ജില്ലാ മത്സരത്തിൽ ആദിത്യ സുരേഷ് പങ്കെടുത്തത്. മൂന്നിലും പിന്തള്ളപ്പെട്ടു, സംസ്കൃതം പദ്യപാരായണത്തിന് അപ്പീൽ നൽകി. അപ്പീൽ പരിഗണിക്കാനുള്ള ഹിയറിംഗ് വച്ചത് ഡിസംബർ മൂന്നിന്. അന്ന് ആദിത്യ ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മുവിൽ നിന്നു ശ്രേഷ്ഠ ദിവ്യാംഗ് ബാൽ പുരസ്കാരം ഏറ്റുവാങ്ങാൻ പോയിരിക്കുകയായിരുന്നു.
അപ്പീൽ ഹിയറിംഗിന് അന്ന് വരാൻ പറ്റില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അപ്പീൽ അനുവദിച്ചില്ല. സ്കൂൾ ജീവിതത്തിന്റെ അവസാന കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് ഇപ്പോൾ ആദിത്യ സുരേഷ്. കഴിഞ്ഞ വർഷം കോഴിക്കോട്ടു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയിരുന്നു. അയ്യപ്പപണിക്കരുടെ അഗ്നിപൂജയാണ് അന്ന് ചൊല്ലിയത്.
വിധി തോറ്റു
ജന്മനാ ഓസ്റ്റിയോജെനിസിസ് ഇംപെർഫക്ട എന്ന ജനിതക രോഗം ബാധിച്ചിരുന്നു. വലിയ തലയും ഒട്ടിപ്പിടിച്ച വിരലുകളും ശോഷിച്ച കൈകാലുകളുമായി ജനിച്ച ആദിത്യ ദിവസങ്ങളോളം ഇൻക്യുബേറ്ററിലായിരുന്നു. ഹോമിയോ ചികിത്സയിലൂടെ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. തലയുടെ വലിപ്പം കുറഞ്ഞുവന്നു, പതിയെ തല പൊക്കിത്തുടങ്ങി. വർഷങ്ങൾ കടന്നുപോയിട്ടും സ്വന്തം കാലിൽ നിൽക്കാൻ ആദിത്യയ്ക്ക് കഴിയുന്നില്ല. എല്ലുകൾ ഒടിയുന്ന അവസ്ഥയാണ്. എന്നാൽ ആദിത്യ സുരേഷിന്റെ പാട്ടുകൾ ഹിറ്റായി. ഒട്ടുമിക്ക ചാനൽ പരിപാടികളിലും പങ്കെടുത്തതോടെ ആദിത്യ എല്ലായിടത്തും താരമായി. കഴിഞ്ഞ റിപ്പബ്ളിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം ആദിത്യയ്ക്ക് ലഭിച്ചു. അന്നും രാഷ്ട്രപതിയിൽ നിന്നാണ് പുരസ്കാരം സ്വീകരിച്ചത്. പുരസ്കാരം വാങ്ങാൻ പോയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായത്. പ്രധാനമന്ത്രി ആവശ്യപ്പെട്ടപ്പോൾ 'തേരെ മേരെ ബീച്ച് മേ...' എന്ന പാട്ട് പാടിക്കൊടുത്തു. തോളിൽത്തട്ടി അഭിനന്ദിച്ച മോദി ടാബ് സമ്മാനമായി നൽകുകയും ചെയ്തു.
നവകേരള സദസിൽ കൊട്ടാരക്കരയിൽ അതിഥിയായി ഞാനും പങ്കെടുത്തു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമടക്കം എന്റെ അടുത്തെത്തി സംസാരിച്ചു. അപ്പോൾ പറയാൻ മടിച്ചു. ഒത്തിരി ആഗ്രഹം ഉണ്ട്, കൊല്ലത്ത് നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കണമെന്ന്. എന്റെ അപ്പീൽ പരിഗണിച്ചാൽ മതി
ആദിത്യ സുരേഷ്