കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിജയികൾക്കുള്ള സ്വർണ്ണക്കപ്പുമായുള്ള യാത്ര ജനുവരി രണ്ടിന് കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് പുറപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.

മൂന്നിന് ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ ഏനാത്ത് സ്വർണ്ണക്കപ്പിന് സ്വീകരണം നൽകും. ഏനാത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയിൽ വിളംബര ഘോഷയാത്രയോടെ കലോത്സവത്തിന്റെ മുഖ്യവേദിയിലെത്തിക്കും. ആശ്രാമം മൈതാനത്തെത്തിക്കുന്ന സ്വർണ്ണക്കപ്പ് മന്ത്രി കെ. എൻ.ബാലഗോപാൽ ഏറ്റുവാങ്ങും. കലോത്സവവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഏകോപ്പിപ്പിക്കനും മേൽനോട്ടം വഹിക്കാനുമായി ഇന്നു മുതൽ കലോത്സവം അവസാനിക്കുന്ന ജനുവരി എട്ട് വരെ മന്ത്രി വി.ശിവൻകുട്ടി ജില്ലയിൽ തങ്ങും. ഇന്ന് രാവിലെ 10ന് തേവള്ളി മോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ സംഘാടക സമിതി ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്യും. 30ന് ബോയ്‌സ് സ്‌കൂളിലെ ബി.എഡ് സെന്ററിൽ പ്രോഗ്രാംകമ്മിറ്റി ഓഫീസ് തുറക്കും. ഇന്നലെ രാവിലെ ജില്ലാപഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ മന്ത്രി വി ശിവൻകുട്ടി, സംഘാടകസമിതി ചെയർമാൻ മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാം, റിസപ്ഷൻ, ഫുഡ് കമ്മിറ്റികളുടെ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.