കൊല്ലം: ക്ഷേത്രത്തിൽ തൊഴാൻ എത്തിയ സ്ത്രീയുടെ സ്വർണ്ണമാല മോഷ്ടിച്ച മൂന്ന് അന്യസംസ്ഥാന സ്ത്രീകൾ പിടിയിൽ. തമിഴ്‌നാട് സേലം സ്വദേശികളായ പൂവരശി (30), സുമിത്ര (50), സുകന്യ (45) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ കടവൂർ മഹാദേവർ ക്ഷേത്രത്തിൽ തൊഴാൻ എത്തിയ ചാത്തിനാംകുളം സ്വദേശിയായ മഹിളാമണിയമ്മയുടെ (77) ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാലയാണ് ഇവർ മോഷ്ടിച്ചത്. മാല നഷ്ടമായെന്ന് മനസിലാക്കിയതിനെതുടർന്ന് ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.

ഉടൻ വിവരം അഞ്ചാലുംമൂട് പൊലീസിൽ അറിയിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചാലുംമൂട് പൊലീസ് ഇൻസ്‌പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളായ മൂന്ന് സ്ത്രീകളെയും പിടികൂടിയത്.