
കൊല്ലം: സ്കൂൾ കലോത്സവങ്ങൾ കവി കുരീപ്പുഴ ശ്രീകുമാറിന് രസമുള്ള ഓർമ്മകളാണ്. കുരീപ്പുഴ സാലിഹ മെമ്മോറിയൽ ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരിക്കെ സ്കൂളിൽ നിന്നുള്ള നാടകം തട്ടിൽക്കയറി. കടയ്ക്കൽ ഗവ.ഹൈസ്കൂളിലായിരുന്നു അന്ന് ജില്ലാ കലോത്സവം. ഒന്നാം സമ്മാനം കിട്ടിയ നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീകുമാർ ആയിരുന്നു. നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചെങ്കിലും സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ സ്കൂൾ അധികൃതർ മെനക്കെട്ടില്ല. ആ സ്കൂൾ പിന്നീട് അടച്ചുപൂട്ടി.
നടിയാക്കിയത് ലില്ലിക്കുട്ടി
കാവൽ ഗോപാലകൃഷ്ണൻ എഴുതിയ 'നക്ഷത്ര വിളക്ക്' എന്ന നാടകമാണ് അന്ന് കുരിപ്പുഴ ശ്രീകുമാറും സംഘവും കളിച്ചത്. ക്രിസ്മസ് ആഘോഷത്തിനായി നക്ഷത്ര വിളക്ക് തൂക്കാൻ അയൽവീട്ടിലെ കുട്ടിയെക്കൂടി കൂട്ടുന്നതുൾപ്പടെയുള്ള സന്തോഷങ്ങളാണ് പ്രമേയം. അതിലെ ലില്ലിക്കുട്ടിയെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിച്ചത്. ജില്ലാ കലോത്സവത്തിലെ മികച്ച 'നടി'യായി ശ്രീകുമാറിനെ തിരഞ്ഞെടുക്കുകയും ചെയ്തു! പിന്നീട് ബിരുദ പഠനത്തിനിടെ കേരള സർവകലാശാല കലോത്സവത്തിൽ 1975ൽ കവിതാ രചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. സ്കൂൾ കലോത്സവങ്ങളിൽ പിന്നീട് കുരീപ്പുഴ വിധികർത്താവായി മാറുകയും ചെയ്തു.
കലോത്സവ ഗാനം റെഡി
'ചന്ദ്രഗിരി മുതൽ നെയ്യാറോളം പോന്ന
സുന്ദര കേരള നാടിന്റെ
അർക്കപ്രഭയുള്ള ഭാവികലയുടെ
സ്വപ്നലോകത്തേരിലേറി സ്നേഹിതരെ
കൊല്ലത്തേക്ക് എല്ലാരും വന്നോളൂ
സ്വന്തം ഇല്ലംതന്നെയെന്നോർത്തോളൂ
എല്ലാർക്കും കായൽക്കരയുടെ
സിന്ദൂര സ്നേഹ വണക്കം
ആടുക, പാടുക, സ്നേഹംകൊണ്ടാടുക
നാളത്തെ പൂക്കൾ നമുക്കാണ്"
..............................
കലോത്സവം കൊല്ലത്ത് വരുന്നുവെന്നറിഞ്ഞപ്പോൾ കുരീപ്പുഴ ശ്രീകുമാർ കുറിച്ചിട്ട വരികൾ വേദിയിൽ സ്വാഗത ഗാനമായി അവതരിപ്പിച്ചേക്കും. ശെന്തുരുണി കാടുകളും പുരാതന യാനങ്ങളും അഷ്ടമുടി കായലും ദേശിംഗനാടിന്റെ ചരിത്രവും പിന്നെ ഒ.എൻ.വിയും തിരുനല്ലൂരുമടക്കമുള്ളവരും വരികകളിൽ ചേരുന്നുണ്ട്. കരടികളിപ്പാട്ടിന്റെ താളത്തിലാണ് വരികൾ കുറിച്ചത്. എന്നാൽ സംഗീത മാന്ത്രികൻ രമേശ് നാരായണൻ ചിട്ടപ്പെടുത്തുമ്പോൾ മറ്റൊരു ലെവലാകുമെന്നാണ് പ്രതീക്ഷ.
...................