കരുനാഗപ്പള്ളി: പൊതുമരാമത്ത് റോഡിൽ വാഹന കുരുക്ക് സൃഷ്ടിക്കുന്ന ഇലക്ട്രിക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമാകുന്നു. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് തെക്ക് വശം റെയിൽവേ ക്രോസിന് സമീപമാണ് വഴി മുടക്കിയായ ഇലക്ട്രിക് പോസ്റ്റ് കുഴിച്ചിട്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പോസ്റ്റ് റോഡിന് വീതി കൂട്ടിയപ്പോഴും ഇവിടെ നിന്നും മാറ്റി സ്ഥാപിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാകുന്നത്.

കുരുക്കിലായി

റെയിൽവേ ക്രോസ്

റെയിൽവേ ക്രോസ് തുറന്ന് കഴിഞ്ഞാൽ വാഹനങ്ങളുടെ പരക്കം പാച്ചിലാണ്. വാഹനങ്ങൾ വളവ് തിരിഞ്ഞ് വരുന്ന സ്ഥലത്താണ് പോസ്റ്റിന്റെ സ്ഥാനം. പോസ്റ്റ് റോഡിന്റെ പടിഞ്ഞാറ് വശത്തേക്ക് അല്പം മാറ്റി സ്ഥാപിച്ചാൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. ഇതിന് വേണ്ടിയുള്ള നാട്ടുകാരുടെ രോദനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരു ദിവസം നൂറ് പ്രാവശ്യത്തിന് മേൽ റെയിൽവേ ക്രോസ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നുണ്ട്. ദീർഘ നേരമാണ് വാഹനങ്ങൾ റെയിൽവേ ക്രോസിന്റെ ഇരുവശങ്ങളിലുമായി കുടുങ്ങുന്നത്.

ഇടപെടാതെ തൊടിയൂ‌ർ പഞ്ചായത്ത്

ഇലക്ട്രിക് പോസ്റ്റ് നിൽക്കുന്നത് തൊടിയൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാണ്. പോസ്റ്റ് മാറ്റി സ്ഥാപിക്കണമെങ്കിൽ ഗ്രാമപഞ്ചായത്ത് അധികൃതർ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ ആദ്യം അപേക്ഷ നൽകണം. അപേക്ഷ ലഭിച്ച് കഴിഞ്ഞാൽ ഇലക്ട്രിസിറ്റി ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പോസ്റ്റ് മാറ്റി ഇടേണ്ട സ്ഥലവും ഇതിന് വേണ്ടി വരുന്ന ചെലവും കണക്കാക്കിഎസ്റ്റിമേറ്റ് തയ്യാറാക്കി ഗ്രാമപഞ്ചായത്തിന് നൽകും. ഗ്രാമപഞ്ചായത്ത് ഇലക്ട്രിസിറ്റി ഓഫീസിൽ പണം അടക്കുന്ന മുറക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കും. ഇതാണ് നിലവിലുള്ള നടപടി ക്രമം. എന്നാൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ലെന്ന പരാതിയാണ് നാട്ടുകാർക്കുള്ളത്.