bypass-n

 ബൈപാസ് റോഡിൽ അപകടക്കെണിയായി മീഡിയന്റെ അവശിഷ്ടങ്ങൾ

അഞ്ചാലുംമൂട്: ദേശീയപാത 66 ( പഴയ ബൈപ്പാസ് ) ആറ് വരിയാക്കുന്നതിന്റെ ഭാഗമായി പൊളിച്ച റോഡിലെ മീഡിയന്റെ അവശിഷ്ടങ്ങൾ റോഡിൽ നിന്ന് നീക്കാത്തത് അപകടക്കെണിയാകുന്നു.കടവൂർ പാലത്തിൽ നിന്ന് ഒറ്റക്കൽ സിഗ്നലിലേക്ക് പോകുന്നിടത്ത് ആറാട്ടുകുളങ്ങര ഭാഗത്താണ് മീഡിയന്റെ അവശിഷ്ടങ്ങൾ റോഡിലേക്കിറങ്ങിക്കിടക്കുന്നത്. റോഡിന്റെ വശത്ത് കൂടി സഞ്ചരിക്കുന്ന ഇരുചക്രവാഹനയാത്രികർ അവശിഷ്ടങ്ങളിൽത്തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടങ്ങളുണ്ടാകുന്നത് പതിവായിരിക്കുകയാണ്.

റോഡിന്റെ ഒരുവശത്ത് മുഴുവൻ അവശിഷ്ടങ്ങൾ കിടക്കുന്നത് കാരണം കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും റോഡിന്റെ മദ്ധ്യഭാഗത്തൂടെ സഞ്ചരിക്കേണ്ട സ്ഥിതിയാണിപ്പോൾ.

ആഴ്ചകളായി റോഡിൽ കിടക്കുന്ന മീഡിയന്റെ അവശിഷ്ടങ്ങൾ മാറ്റണമെന്ന് യാത്രക്കാർ കരാർ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇത് വരെ ഉണ്ടായിട്ടില്ല. അവശിഷ്ടങ്ങൾ റോഡിലേക്ക് ഇറങ്ങികിടക്കുന്ന ഭാഗത്ത് ചെറിയ പൈപ്പുകൾ കൊണ്ട് തിരിച്ചിട്ടുണ്ടെങ്കിലും മുന്നറിയിപ്പ് ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല.അധികൃതർ ഇടപെട്ട് ഉടൻതന്നെ റോഡിലേക്ക് ഇറങ്ങികടിക്കുന്ന അവശിഷ്ടങ്ങൾ നീക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


വെളിച്ചമില്ലാത്തതും പ്രശ്നം

മീഡിയനുകളുടെ അവശിഷ്ടം കിടക്കുന്ന സ്ഥലത്ത് മതിയായ വെളിച്ചമില്ലാത്തതിനാൽ ഇതുവഴി വരുന്ന വാഹനങ്ങൾ പലതും അവശിഷ്ടങ്ങളിലേക്ക് ഓടിച്ച് കയറ്റി അപകടത്തിൽപ്പെടുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്തരത്തിൽ നിരവധിപേരാണ് അപകടത്തിൽപ്പെട്ടത്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി തെരുവ് വിളക്കുകളുടെ കണക്ഷൻ കട്ട് ചെയ്തതോടെ കല്ലുംതാഴം മുതൽ ആൽത്തറമൂട് വരെയുള്ള ഭാഗം ഇരുട്ടിലാണ്. ബൈപ്പാസിൽ തെരുവ് വിളക്കുകർ കത്താത്തത് മൂലം അപകടങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ വിളക്കുകളുടെ കണക്ഷനുകൾ പുനസ്ഥാപിക്കണമെന്ന് പൊലീസും കൗൺസിലറും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും നിർമ്മാണകമ്പനി അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.