ksrtc

ഡിജിറ്റൽ കാർഡ് ഉപയോഗം വ്യാപിപ്പിക്കും

കൊല്ലം: ഡിജിറ്റൽ പേമെന്റും ട്രാവൽ കാർഡുമായി​ പുതുവർഷം ആഘോഷമാക്കാൻ കെഎസ്.ആർ.ടി​.സി​ തയ്യാറെടുക്കുന്നു. ജില്ലയിലും ജനുവരി അവസാനത്തോടെ കെ.എസ്.ആർ.ടി​.സി​യുടെ 'ചലോ' കാർഡുകളെത്തും.

വിദേശ രാജ്യങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഉപയോഗിക്കുന്നതിന് സമാനമാണ് ചലോ സ്മാർട്ട് ട്രാവൽ കാർഡുകൾ. തിരുവനന്തപുരത്ത് കാർഡ് ഉപയോഗിച്ചു നടത്തിയ ട്രയൽറൺ വിജയമായതോടെയാണ് സംസ്ഥാനമൊട്ടാകെ കാർഡ് വ്യാപിപ്പിക്കാൻ തീരുമാനമായത്. ആധുനിക പണമിടപാടുകൾ ഉൾപ്പെടെ നടത്താൻ സാധിക്കുന്ന സ്മാർട്‌ ഫോണിന്റെ വലിപ്പത്തിലുള്ള പുതിയ ടിക്കറ്റിംഗ് മെഷീൻ (ഇ.ടി.എം) കണ്ടക്ടർമാർക്ക് നൽകും. കൂടാതെ ചലോ പേ എന്ന പേരിൽ ആപ്പും പുറത്തിറക്കും. ഈ ആപ്പ് വഴി ചലോ കാർഡ് ഇടപാടുകൾ, ബസിന്റെ യാത്രാവിവരങ്ങൾ, ഒരു മാസത്തേക്കുള്ള ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ, ബസിൽത്തന്നെ കാർഡുകൾ പുതുക്കാനുള്ള സൗകര്യം എന്നിവ പുതിയ ഇ.ടി.എമ്മിലുണ്ടാകും.

ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കാർഡുകൾ നൽകാൻ കരാർ എടുത്തിട്ടുള്ളത്. ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഒരോ ഡിപ്പോയിലും നാല് കമ്പ്യൂട്ടറുകളും പ്രിന്ററുകളും ബസുകൾക്കനുസൃതമായ ഇ.ടി.എം മെഷീനുകളും നൽകും. ചലോ കാർഡ് വഴിയുള്ള ഒരു ടിക്കറ്റിന് കെ.എസ്.ആർ.ടി.സി ചലോ ആപ്പിന് 13 പൈസയാണ് നൽകേണ്ടത്. മെഷീനുകളുടെ വാർഷിക അറ്റകുറ്റപ്പണി, ഡാറ്റ അനലറ്റിക്‌സ് ഉൾപ്പെടെയുള്ള ചെലവുകൾ ചലോ ആപ്പാണ് വഹിക്കുന്നത്.

കാർഡ് ലഭിക്കാൻ സിംപിൾ വഴി

1. കണ്ടക്ടർമാരുടെ പക്കൽ നിന്നോ ഡിപ്പോയിലെ കൗണ്ടറുകളിൽ നിന്നോ ചലോ കാർഡ് സ്വന്തമാക്കാം

2. തിരിച്ചറിയൽ രേഖ കാണിച്ച ശേഷം മൊബൈൽ നമ്പർ നൽകുക

3. മൊബൈലിൽ വരുന്ന ഒ.ടി.പി നൽകി നിശ്ചിത തുക അടച്ചാൽ ഉടനടി കാർഡ് ലഭിക്കും

4. തുക തീർന്നാൽ 100 മുതൽ 2000 രൂപയ്ക്കു വരെ കണ്ടക്ടർമാർ വഴി കാർഡ് റീചാർജ് ചെയ്യാം

5. ഓർഡിനറി മുതൽ എ.സി സെമി സ്ലീപ്പർ വരെയുള്ള ബസുകളിലും സ്വിഫ്റ്റിലും കാർഡ് ഉപയോഗിക്കാം

ആർക്കും ഉപയോഗിക്കാം

പുതുവർഷത്തിൽ ഇലക്ട്രിക് ബസുകൾ രംഗത്തിറങ്ങുന്നതോടെ ചലോ കാർഡുകളുടെ ഉപയോഗം ജില്ലയിൽ വർദ്ധിക്കുമെന്നാണ് കെ.എസ്. ആർ.ടിസിയുടെ കണക്കു കൂട്ടൽ. കാർഡിന് ആജീവനാന്ത വാലിഡിറ്റിയുണ്ട്. കുരുംബത്തിലെ ആർക്കും കാർഡ് ഉപയോഗിക്കാനാകും. തുടക്കത്തിൽ ഡിജിറ്റൽ പണമിടപാടുകൾക്ക് കണ്ടക്ടറുടെ ഇ.ടി.എം മെഷീനിലെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്യണം. ഭാവിയിൽ ഓർഡിനറി ഒഴികെയുള്ള ബസുകളിൽ ഡ്രൈവറുടെ സീറ്റിനോട് ചേർന്ന് ക്യു.ആർ കോഡ് സ്ഥാപിച്ച് ടിക്കറ്റെടുക്കാനുള്ള സൗകര്യം ഒരുക്കും.