കരുനാഗപ്പള്ളി: പശുവിനെ മോഷ്ടിച്ച് അറവുകാർക്ക് വിറ്റ പ്രതി പിടിയിൽ. കരുനാഗപ്പള്ളി, ധർമ്മശ്ശേരി വീട്ടിൽ നൗഷാദ് (55) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ക്രിസ്മസ് ദിവസം പുലർച്ചെയാണ് കരുനാഗപ്പള്ളി സ്വദേശിയായ സുശീലയുടെ വീട്ടിൽ നിന്നും രണ്ടു പശുക്കളിൽ ഒരെണ്ണം മോഷണം പോയത്. പശു കെട്ടഴിഞ്ഞു പോയതായിരിക്കാം എന്ന സംശയത്തിൽ അയൽവാസികളോടും നാട്ടുകാരോടും അന്വേഷിച്ചെങ്കിലും കണ്ടെത്താതെ വന്നതോടെ സുശീല കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് കരുനാഗപ്പള്ളി പൊലീസ് പ്രദേശത്തും മറ്റും നടത്തിയ അന്വേഷണത്തിൽ പശുവിനെ കൊണ്ടുപോയ വാഹനത്തെ കുറിച്ച് വിവരം ലഭിച്ചു.
വാഹനത്ത കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സുശീലയുടെ അയൽവാസിയും പശുവിന്റെ കറവക്കാരനുമായ നൗഷാദ് ആണ് പശുവിനെ കടത്തിക്കൊണ്ട് പോയതെന്ന് കണ്ടെത്തി.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പശുവിനെ ഇറച്ചി വെട്ടുകാർക്ക് വിറ്റതായി മൊഴി നൽകി. കരുനാഗപ്പള്ളി പൊലീസ് ഇറച്ചി വെട്ടുകാരിൽ നിന്ന് പശുവിനെ തിരികെ വാങ്ങി ഉടമസ്ഥയ്ക്ക് നൽകി. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷിഹാസ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.