rob

കൊല്ലം: ഇരവിപുരം ആർ.ഒ.ബി നിർമ്മാണം പൂർത്തിയാകാൻ ഇനിയും എട്ടുമാസം കാത്തിരിക്കണം. റെയിൽവേ ലൈനിനോട് ചേർന്നുള്ള നിർമ്മാണം പൂർത്തിയാകാൻ അഞ്ചുമാസം വേണമെന്നാണ് റെയിൽവേയുടെ നിലപാട്. അതുകഴിഞ്ഞ് മൂന്നുമാസം കൊണ്ടേ ഇരുവശങ്ങളിലും അവേശേഷിക്കുന്ന നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകൂ.

റെയിൽവേ ലൈനിനോട് ചേർന്നുള്ള നിർമ്മാണ പ്രവൃത്തികൾ റെയിൽവേ പ്രത്യേകം കരാർ നൽകിയിരിക്കുകയാണ്. ലൈനിന്റെ ഇരുവശങ്ങളിലെയും നിർമ്മാണം ആർ.ബി.ഡി.സി.കെയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇരുവശങ്ങളിലും പൈലുകളും പിയറുകളും പൂർത്തിയായി ഗർഡറുകൾ സ്ഥാപിച്ചുകഴിഞ്ഞു. എന്നാൽ റെയിൽവേ ലൈനിനോട് ചേർന്നുള്ള 24 പൈലുകളും രണ്ട് പൈൽ ക്യാപ്പുകളുമേ പൂർത്തിയായിട്ടുള്ളു. ബാക്കിയുള്ള പൈൽ ക്യാപ്പുകൾക്ക് പുറമേ പിയറുകളും ഗർഡറുകളും സ്ഥാപിക്കണം. അതിന് ശേഷമേ ഗതാഗതത്തിനുള്ള സ്ലാബുകൾ സ്ഥാപിക്കാനാകൂ. റെയിൽവേയുടെ നിർമ്മാണത്തിന് തടസമുണ്ടാകാതിരിക്കാൻ ഇരുവശങ്ങളിലെയും അപ്രോച്ച് റോഡ്, റിട്ടേയിനിംഗ് വാൾ, ഡ്രെയിനേജ് എന്നിവയുടെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല.

മെല്ലെപ്പോക്കുമായി റെയിൽവേ കരാറുകാരൻ

 കരാറുകാരൻ മെല്ലെപ്പോക്ക് തുടർന്നിട്ടും റെയിൽവേ കാര്യമായ ഇടപെടൽ നടത്തുന്നില്ല

 ജി.എ.ഡിക്ക് അനുമതി നൽകും മുമ്പേ നിർമ്മാണം ആരംഭിച്ചതിന്റെ പ്രതിഷേധത്തിലാണ് റെയിൽവേ

 പ്രതികാര നടപടിയുടെ ദുരിതം അനുഭവിക്കുന്നത് ഇതുവഴി സഞ്ചരിച്ചിരുന്ന യാത്രക്കാരാണ്

 ആർ.ഒ.ബി നിർമ്മാണത്തിന് ഗേറ്റ് അടച്ചിട്ട് രണ്ട് വർഷം പിന്നിടുന്നു

 ഗേറ്റ് അടഞ്ഞതോടെ ഇടറോഡുകളിലൂടെ ചുറ്റിക്കറങ്ങി ജനം നട്ടംതിരിയുന്നു

പ്രതിഷേധത്തിന് ഒരുക്കം

നിർമ്മാണം വൈകുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ. നിർമ്മാണം അനന്തമായി നീണ്ടിട്ടും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ ഇടറോഡുകളിലൂടെ ചുറ്റിക്കറങ്ങി ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമയത്ത് എത്താൻ കഴിയുന്നില്ല.

പ്രദേശവാസികൾ