കൊല്ലം: മൂന്നാംകുറ്റി ഹരിശ്രീ ബാറിൽ യുവാവ് കുത്തേറ്റ് മരിച്ച കേസിലെ മൂന്നു പ്രതികളെ കൊല്ലം നാലാം അഡീഷണൽ ജില്ലാ ജഡ്‌ജി സുഭാഷ് വെറുതെ വിട്ടു. കൊറ്റങ്കര വില്ലേജിൽ പേരൂർ ചേരിയിൽ കൊച്ചുവിള കിഴക്കതിൽ വീട്ടിൽ ശ്രീസാജ് (പുളുക്ക), പേരൂർ ചേരിയിൽ പണ്ടാരക്കുളത്തിന് സമീപം പറങ്കിമാംവിള വീട്ടിൽ സന്തോഷ് (ടർപ്പൻ), പണ്ടാരക്കുളത്തിന് സമീപം തടത്തിൽ വീട്ടിൽ ശ്യാംലാൽ എന്നിവരെയാണ് വെറുതെ വിട്ടത്. വിചാരണയ്ക്കിടെ ഒരു പ്രതി കൊറ്റങ്കര വില്ലേജിൽ നെല്ലിവിള വീട്ടിൽ രഞ്ജു (കൊലവെറി) ആത്മഹത്യ ചെയ്‌തിരുന്നു.

2015 ഫെബ്രുവരി 20നാണ് കേസിനാസ്‌പദമായ സംഭവം. കിളികൊല്ലൂർ വില്ലേജിൽ കന്നിമേൽ ചേരിയിൽ ശാന്തി നഗർ 36 തയ്യിൽപറമ്പിൽ വീട്ടിൽ രഞ്ജിത്താണ് (24) കൊല്ലപ്പെട്ടത്. ബാറിലെത്തിയ രഞ്ജിത്തും സുഹൃത്തായ അരുണും തൊട്ടടുത്ത സീറ്റിൽ മദ്യപിക്കാനിരുന്നവരുമായുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പ്രതികൾ സുഹൃത്തുക്കളെ വിളിച്ചു വരുത്തിയ ശേഷം ബാറിന്റെ മുറ്റത്തു വച്ച് കുത്തുകയായിരുന്നു എന്നാണ് കേസ്.

കിളികൊല്ലൂർ പോലീസ് കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നു സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ 62 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്‌തരിച്ചു. എങ്കിലും കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല.

അഭിഭാഷകരായ വെളിയം കെ.എസ്. രാജീവ്, പി.എ. പ്രിജി, പി.കെ. മുഹമ്മദ് സുലൈം, മങ്ങാട് സി.എസ്. സുനിൽ എന്നിവർ പ്രതികൾക്കു വേണ്ടി ഹാജരായി.