
കൊല്ലം: വാക്ക് തർക്കത്തിനിടെ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു. മങ്ങാട് അറുനൂറ്റിമംഗലം താവുട്ടുമുക്ക് ഇന്ദ്രശിലയിൽ രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. മകൻ അഖിലിനെയും (26) രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരിയെയും കിളികൊല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് മൂന്നാംകുറ്റി ജംഗഷ്‌നിലെ സിറ്റിമാക്‌സ് കളക്ഷൻസ് ക്യാഷ് കൗണ്ടറിലാണ് കൊലപാതകം നടന്നത് .
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: രാവിലെ കടയിലെത്തിയ ഇരുവരും തമ്മിൽ സാമ്പത്തിക കാര്യങ്ങളുടെ പേരിലും സ്ഥാപനത്തിലെ ജോലിക്കാരിയെ പിരിച്ചു വിടണമെന്ന കാര്യത്തിലും തർക്കമുണ്ടായി. ഈ സമയം കടയിൽ അച്ഛനെയും മകനെയും കൂടാതെ ജീവനക്കാരി മാത്രമാണുണ്ടായിരുന്നത്. അഖിലും കടയിലാണ് ജോലി ചെയ്തിരുന്നത്. വാക്ക് തർക്കത്തിനിടെ രവീന്ദ്രൻ അഖിലിനെ കടയിലുണ്ടായിരുന്ന ബാറ്റ് ഉപയോഗിച്ച് അടിച്ചു. ഈ വിരോധത്തിലാണ് കൈയിൽ കിട്ടിയ ചുറ്റിക ഉപയോഗിച്ച് അഖിൽ അച്ഛന്റെ തലയ്ക്കടിച്ചത്. രവീന്ദ്രൻ ഉടൻ ബോധരഹിതനായി വീണു. കടയിലെ ജീവനക്കാരി നോക്കി നിൽക്കയയായിരുന്നു കൊലപാതകം. നിലത്ത് വീണ രവീന്ദ്രനെ അഖിൽ വലിച്ചിഴച്ച് കടയ്ക്കുള്ളിലെസ്‌റ്റോർ റൂമിൽ കൊണ്ടിട്ടു.
തുടർന്ന് ക്യാഷ് കൗണ്ടറിന് സമീപത്തുണ്ടായിരുന്ന രക്തക്കറകളും മറ്റും കഴുകിക്കളയുകയും സ്‌പ്രേ തളിയ്ക്കുകയും ചെയ്തു. ഉച്ചയ്ക്ക രണ്ടിന് ജീവനക്കാരി ഫാൻസി കടയ്ക്ക മുകളിലുള്ള സ്ഥാപനത്തിൽ പോയി സംഘട്ടന വിവരം അറിയിച്ചു. അവർ താഴെയെത്തി പരിശോധിച്ചപ്പോഴാണ് രവീന്ദ്രൻ കൊല്ലപ്പെട്ട വിവരം അറിയുന്നത്. ഉടൻതന്നെ വിവരം പൊലീസിൽ അറിയിച്ചു. ഈ സമയം അഖിൽ ക്യാഷ് കൗണ്ടറിലുണ്ടായിരുന്നു. പൊലീസെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം അഖിലിനെയും ജീവനക്കാരിയെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അച്ഛനും മകനും തമ്മിൽ സ്വർണ്ണപ്പണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ദിവസങ്ങളായി തർക്കം നിലനിന്നിരുന്നു.
ഫോറൻസിക് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കൊലപാതകത്തിനുപയോഗിച്ച ചുറ്റിക ഉൾപ്പെടെയുള്ളവ ശേഖരിച്ചു. രാത്രിയോടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ വൈകിയതിലും മൃതദേഹം മാറ്റാൻ താമസിച്ചതിലും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രശോഭയാണ് ഭാര്യ. രവീന്ദ്രന്റെ മൂത്തമകൻ മുഹമ്മദ് അസ്ലം (പ്രസൂൺ) വിദേശത്താണ്. കിളികൊല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.