ശരീരത്തിൽ മനുഷ്യ വിസർജ്യത്തിലെ ബാക്ടീരിയകൾ

കൊല്ലം: റേഷൻ കടയ്ക്കു മുന്നി​ലെ ഓടയിൽ കെട്ടി​നി​ന്ന കക്കൂസ് മാലി​ന്യം അടക്കമുള്ളവയി​ൽ നി​ന്നുള്ള ദുർഗന്ധം പതി​വായി​ ശ്വസി​ക്കേണ്ടി​വന്ന കടയുടമയെ, അണുബാധയെത്തുടർന്ന് തി​രുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരി​ചരണ വി​ഭാഗത്തി​ൽ പ്രവേശി​പ്പി​ച്ചു.

പള്ളിത്തോട്ടം ഡിവിഷനിലെ തോപ്പ് സ്‌കൂളിന് സമീപത്തെ 38-ാം നമ്പർ റേഷൻ കട ലൈസൻസി പള്ളിത്തോട്ടം ശാന്താനിവാസിൽ ചന്ദ്രനാണ് (72) കൊല്ലത്തെ വിവിധ ആശുപത്രികളിലെ ചികിത്സയ്‌ക്കൊടുവിൽ തീവ്രപരിചരണ വിഭാഗത്തിലായത്. കടയ്‌ക്ക് പിന്നിലെ ഇടുങ്ങിയ വഴിയോട് ചേർന്നുള്ള ഓടയിലേക്ക് വീടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം അടക്കം, അനധികൃതമായി സ്ഥാപിച്ച പൈപ്പുകളിലൂടെ എത്തുന്നുണ്ട്. കടയ്‌ക്ക് മുന്നിലെ ഭാഗത്ത് ഒഴുക്ക് നിലച്ചതിനെ തുടർന്ന് മൂടിയുടെ മുകളിലൂടെ മലിനജലം ഒഴുകാൻ തുടങ്ങി. അഞ്ച് മാസമായി ഇത് തുടരുന്നുവെന്ന് ചന്ദ്രന്റെ ഭാര്യ സുധർമ്മ പറയുന്നു. ഇടയ്‌ക്ക് തുലാവർഷപ്പെയ്‌ത്തിനിടെ ദുർഗന്ധം അകന്നു നിന്നു. എന്നാൽ മഴ മാറി വെയിലായിട്ടും കടയ്‌ക്ക് മുന്നിലെ വെള്ളക്കെട്ട് ഒഴിഞ്ഞില്ല.

പനിയെ തുടർന്ന് നിരവധി തവണ ചന്ദ്രൻ കൊല്ലത്തെ ആശുപത്രികളിൽ ചികിത്സ തേടി. പനി വിട്ടുമാറാതായപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ രക്ത പരിശോധനയിൽ ശരീരത്തിൽ മനുഷ്യവിസർജ്യത്തിൽ നിന്നുള്ള ബാക്‌ടീരയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ക്രിയാറ്റിന്റെ തോത് വർദ്ധിച്ചതിനെത്തുടർന്ന് ശ്വാസം മുട്ടലും വൃക്കകളുടെ പ്രവർത്തനത്തിൽ മാന്ദ്യവും കണ്ടെത്തിയതോടെയാണ് ചന്ദ്രനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. 500 ഓളം കാർഡുടകാരുണ്ട് ചന്ദ്രന്റെ കടയിൽ. എല്ലാവരും മലിന ജലത്തിൽ ചവിട്ടിയാണ് കടയിൽ പ്രവേശിക്കുന്നത്.

വീടുകളിലെ കക്കൂസ് മാലിന്യമാണ് ഓടയിലേക്ക് ഒഴുകുന്നതെന്നതിന് സ്ഥിരീകരണമില്ല. സ്‌കൂളിലെ കുട്ടികളുടെ മൂത്രപ്പുരയിൽ നിന്ന് ഒഴുകുന്ന വെള്ളം അവിടെ തന്നെ റിംഗ് ഇറക്കി താഴ്‌ത്തിയ കുഴിയിലേക്കാണ് പോകുന്നത്. എന്നാൽ കുട്ടികൾ കൈകഴുകുന്നതും പാത്രം വൃത്തിയാക്കുന്നതും ഉച്ചഭക്ഷണ പാചകത്തിനും ഉപയോഗിക്കുന്ന വെള്ളം ഒഴുകിയെത്താൻ സാദ്ധ്യതയുണ്ട്. കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗം അശാസ്‌ത്രീയമായാണ് ഓട രൂപകൽപ്പന ചെയ്‌തത്

ടോമി നെപ്പോളിയൻ,

പള്ളിത്തോട്ടം ഡിവിഷൻ കൗൺസിലർ