കോട്ടയം, ആലപ്പുഴയ യാത്രക്കാരെ വലച്ച് പുനലൂർ- കന്യാകുമാരി എക്സ്‌പ്രസ്

കൊല്ലം: ജില്ലയുടെ കിഴക്കൻ ഭാഗമായ പുനലൂർ, കൊട്ടാരക്കര എന്നി​വി​ടങ്ങളി​ൽ നിന്നു പുനലൂർ- നാഗർകോവിൽ എക്സ്‌പ്രസിൽ രാവിലെ എത്തുന്നവർ ആലപ്പുഴ, കോട്ടയം ഭാഗത്തേക്ക് പോകാൻ ട്രെയിനില്ലാതെ വലയുന്നു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഒഴിവുണ്ടായിട്ടും പുനലൂർ- കന്യാകുമാരി എക്സ്‌പ്രസ് കൊല്ലം ഔട്ടറിൽ വെറുതെ 25 മിനിറ്റോളം പിടിച്ചിടുന്നതാണ് പ്രശ്നം.

നേരത്തെ പുനലൂർ- നാഗർകോവിൽ എക്സ്‌പ്രസ് രാവിലെ 7.45 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഈ സമയം ശബരിയിലും മെമുവിലും കയറി കോട്ടയം ഭാഗത്തേക്ക് പോകാമായിരുന്നു. എന്നാൽ പുതിയ സമയ പരിഷ്കരണം വന്നതോടെ പുനലൂർ എക്സ്‌പ്രസ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സമയം 7.55 ആക്കി. പക്ഷേ, സമയ പരിഷ്കരണത്തിന് ശേഷം ഒരു ദിവസം പോലും പുനലൂർ കന്യാകുമാരി എക്സ്‌പ്രസ് 7.55ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടില്ല.

7.38ന് കിളികൊല്ലൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 7.45 ഓടെ കൊല്ലം ഔട്ടറിൽ എത്തും. അവിടെ പിടിച്ചിട്ട ശേഷം 8.10 ഓടെ മാത്രമേ റെയിൽവേ സ്റ്റേഷനിൽ എത്തുകയുള്ളു. അപ്പോഴേക്കും കോട്ടയം വഴിയുള്ള ശബരി എക്സ്‌പ്രസും എട്ടിനുള്ള മെമുവും പോയിക്കഴിയും. പിന്നെ 11.5നുള്ള ജയന്തി ജനതയേയുള്ളു. പുനലൂർ നാഗർകോവിൽ എക്സ്‌പ്രസ് കൃത്യസമയത്ത് എത്തിയാൽ കിഴക്ക് നിന്നുള്ള യാത്രക്കാർക്ക് കോട്ടയം വഴിയുള്ള രണ്ട് ട്രെയിനുകളിൽ ഒന്നിൽ കയറാം. എത്തുന്ന സമയം അല്പം നേരത്തെ ആക്കിയാൽ പരശുറാമിൽ കയറി കായംകുളത്ത് ഇറങ്ങി ആലപ്പുഴയിലേക്കും പോകാം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ മൂന്നും നാലും പ്ലാറ്റ്ഫോമുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഒന്നാം പ്ലാറ്റ്ഫോമിൽ തന്നെ അടുപ്പിക്കണമെന്ന നിർബന്ധ ബുദ്ധിയോടെ പുനലർ നാഗർകോവിൽ എക്സ്‌പ്രസ് ഔട്ടറിൽ പിടിച്ചിടുന്നത്.

വെളുപ്പാൻകാലത്ത് വീട്ടിൽ നിന്നിറങ്ങിയാലും ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നു കോട്ടയം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കൃത്യസമയത്ത് ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താൻ കഴിയാത്ത അവസ്ഥയാണ്. യാത്രക്കാർക്ക് പ്രയോജനകരമായ തരത്തിൽ പുനലൂർ- നാഗർകോവിൽ എക്സ്‌പ്രസി​ന്റെ സമയം പരിഷ്കരിക്കുകയോ കൃത്യസമയത്ത് കൊല്ലം സ്റ്റേഷനിൽ എത്താനുള്ള ക്രമീകരണം എർപ്പെടുത്തുകയോ വേണം

ബി. സുരേഷ്‌കുമാർ (യാത്രക്കാരൻ)