 ഒരു മാസത്തേക്ക് സഹായത്തിന് ഫെസിലിറ്റേഷൻ സെന്റർ

കൊല്ലം: വിവിധ സേവനങ്ങളും സർട്ടിഫിക്കറ്റുകളും ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് സംവിധാനം നാളെ മുതൽ കൊല്ലം കോർപ്പറേഷനിൽ നിലവിൽ വരും. ഒരുമാസത്തേക്ക് പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനം പരിചയപ്പെടുത്താൻ കോർപ്പറേഷൻ ഓഫീസിലും സോണൽ ഓഫീസുകളിലും ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കും.


ഓൺലൈൻ സംവിധാനം പരിചയമുള്ളവർക്ക് കെ സ്മാർട്ടിലൂടെ നേരിട്ട് അപേക്ഷകളും പരാതികളും സമർപ്പിക്കാം. ഓൺലൈൻ സംവിധാനങ്ങൾ പരിചയമില്ലാത്തവർക്കായാണ് ഫെസിലിറ്റേഷൻ സെന്റർ. പ്രധാന കാര്യാലയത്തിൽ ഏഴും സോണൽ ഓഫീസുകളിൽ ഓരോ ഡെസ്ക് വീതവുമാകും സഹായത്തിനുണ്ടാകുക. ഓരോ ഡെസ്കിലും ഓരോ കമ്പ്യട്ടറും സ്കാനറും ഉണ്ടാകും. ലഭിക്കുന്ന അപേക്ഷകൾ സ്കാൻ ചെയ്ത് കെ സ്മാർട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. അപേക്ഷകന്റെ ഫോൺ നമ്പർ ഉപയോഗിച്ച് പ്രത്യേക യൂസർ ഐഡി തയ്യാറാക്കിയാകും ഫെസിലിറ്റേഷൻ സെന്ററുകളിൽ സേവനം ലഭ്യമാക്കുക. ഈ യൂസർ ഐഡി ഉപയോഗിച്ച് അപേക്ഷയുടെയോ പരാതിയുടെയോ പുരോഗതി തുടർന്ന് പരിശോധിക്കാം.

കെ സ്മാർട്ട്

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനവും സേവനങ്ങളും ഒറ്റ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന പോർട്ടലാണ് കെ സ്മാർട്ട്. സിവിൽ രജിസ്ട്രേഷൻ (ജനന -മരണ വിവാഹ രജിസ്ട്രേഷൻ), ബിസിനസ് ഫെസിലിറ്റേഷൻ(വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ), വസ്തു നികുതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ് സിസ്റ്റം, ഫിനാൻസ് മോഡ്യൂൾ, ബിൽഡിംഗ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളാകും ആദ്യ ഘട്ടത്തിൽ ലഭിക്കുക.

അക്ഷയ സെന്ററുകളിലൂടെയും കെ സ്മാർട്ടിൽ അപേക്ഷകളും നിവേദനങ്ങളും സമർപ്പിക്കാം. പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കെ സ്മാർട്ടിന്റെ ആപ്പുമുണ്ട്.