
കൊല്ലം: കൊട്ടാരക്കര ടൗൺ യു.പി സ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ കലോത്സവത്തിൽ 'ഭീഷ്മർ' നാടകം കളിച്ചതാണ് തന്റെ കലാജീവിതത്തിന് പുതിയ മാനമുണ്ടാക്കിയതെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഓർക്കുന്നു. അച്ഛൻ ശിവശങ്കര പിള്ള അമ്പലപ്പുഴക്കാരനും അമ്മ ലളിതാദേവി ആലുവക്കാരിയുമാണ്, എന്നാൽ താൻ കൊട്ടാരക്കരക്കാരനാണെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു!
'അച്ഛൻ കൊട്ടാരക്കരയിൽ സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്യവെയാണ് ഞാൻ ജനിക്കുന്നത്. 12 വയസുവരെ ഇവിടെയായിരുന്നു. ഏഴാം ക്ളാസിൽ പഠിക്കുമ്പോഴാണ് നാടകം കളിച്ചത്. അന്ന് പഠിക്കാനുള്ള 'ഭീഷ്മർ' പാഠമാണ് മലയാളം അദ്ധ്യാപകൻ നാടകമാക്കിയത്. സാറ് നാടകത്തിന്റെ ഓരോന്ന് പറയുമ്പോഴും എനിക്കത് അത്ര ദഹിച്ചില്ല. അങ്ങനെ പോര, ഇങ്ങനെ വേണമെന്നൊക്കെ ഞാൻ തർക്കിച്ചപ്പോൾ സാർ ക്ഷുഭിതനായി. ആ നാടകം സ്കൂളിലും ഉപജില്ല കലോത്സവത്തിലും കളിച്ചു. അഭിനയത്തേക്കാൾ സംവിധായകനാണ് ആ നാടകം എന്നെ പരുവപ്പെടുത്തിയത്. അച്ഛന് ഇടവയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ ഇടവ മുസ്ളീം ഹൈസ്കൂളിൽ എട്ടാം ക്ളാസിൽ ചേർത്തു. സ്കൂളിൽ നിന്നു പ്രസംഗം, ഗാനമേള എന്നീ മത്സര ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിലെത്തി സമ്മാനം വാങ്ങി. മൂന്നുവർഷവും പ്രസംഗത്തിൽ മിന്നി. കൊല്ലം ഫാത്തിമ മാതാ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോഴേക്കും പാട്ടുകാരനായിട്ടാണ് അറിയപ്പെട്ടത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ നാടകത്തിന് കഥയെഴുതി സംവിധാനം ചെയ്തു. അത് യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ അവതരിപ്പിച്ചു. സിനിമാ ലോകത്തേക്ക് എത്തിയതോടെ അതിന്റെ എല്ലാ തലത്തിലും കൈവയ്ക്കാൻ തന്നെ തീരുമാനിച്ചു. ചലച്ചിത്ര മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു'- ബാലചന്ദ്രമേനോൻ പറഞ്ഞു.
സ്കൂൾ കലോത്സവം ത്രില്ലുള്ള ഉത്സവമാണ്. മത്സരത്തേക്കാൾ അവസരങ്ങൾ ലഭിക്കുന്നുവെന്നതാണ് പ്രാധാന്യം. കൊല്ലത്ത് കലോത്സവം നടക്കുന്നത് വലിയ സംഭവമാകും, അമ്മയാണെ സത്യം
ബാലചന്ദ്ര മേനോൻ