ഓച്ചിറ: ഓച്ചിറ ക്ഷീരോത്പാദക സഹകരണസംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മത്സരിച്ച പാനൽ ആകെയുള്ള ഒമ്പതിൽ എട്ട് സീറ്റുകളിൽ വിജയിച്ചു. ഒരു സീറ്റ് ഇടത് മുന്നണി നേടി. കോൺഗ്രസ് മുന്നണിയിൽ നിന്ന് അയ്യാണിക്കൽ മജീദ്, അനിൽകുമാർ (ബാബു), എസ്.ജയകുമാർ, മധുസൂദനൻ, രാജഗോപാലപിള്ള, പത്മിനി, ഉഷ, ചെല്ലപ്പൻ എന്നിവരും ഇടത് മുന്നണിയിൽ നിന്ന് സിന്ധുവും വിജയിച്ചു. ആകെയുള്ള 173 വോട്ടർമാരിൽ 168 പേർ വോട്ട് ചെയ്തു. 14 വോട്ട് അസാധുവായി. 88 വോട്ടുകൾ ലഭിച്ച കോൺഗ്രസ് മുന്നണി സ്ഥാനാർത്ഥി അയ്യാണിക്കൽ മജീദിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. ഇടത് സ്ഥാനാർത്ഥി സിന്ധുവിന് 78 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ ഒക്ടോബർ 21ന് നടന്ന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ പേര് തെറ്റായി അച്ചടിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് ഒരു വിഭാഗം ആൾക്കാർ വോട്ടെടുപ്പ് തടസപ്പെടുത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി നിദ്ദേശാനുസരണമാണ് തിരഞ്ഞെടുപ്പ് നടന്നത്.