photo
അപകട കെണിയായി മാറുന്ന ഇടക്കുളങ്ങര ലെവൽ ക്രോസ്

കരുനാഗപ്പള്ളി: ഇടക്കുളങ്ങര ലെവൽ ക്രോസ് അപകടക്കെണിയായി മാറുന്നു. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് നൂറ് മീറ്ററോളം തെക്ക് മാറിയാണ് ലെവൽ ക്രോസുള്ളത്. കോൺക്രീറ്റ് സ്ലാബും പാളവും തമ്മിലുള്ള ഉയര വ്യത്യാസമാണ് അപകടത്തിന് കാരണമാകുന്നത്. പാളത്തിന്റെ അടിയിൽ നിന്ന് മെറ്റിൽ ഇളകി മാറിയതിനെ തുടർന്ന് വലിയ കുഴികളാണ് രൂപപ്പെട്ടത്. വാഹനങ്ങൾ കടന്ന് പോകുഫോൾ കുഴികളിൽ പെട്ടാണ് അപകടം സംഭവിക്കുന്നത്. ഇരു ചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്.

അറ്റകുറ്റപ്പണികൾ നീളുന്നു

കരുനാഗപ്പള്ളി റെയിൽവെ സ്റ്റേഷന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ പാളത്തിന്റെ അറ്റകുറ്റപ്പണികൾ മിക്കപോഴും നടത്താറുണ്ട്. എന്നാൽ പാളത്തിന്റെ അടിഭാഗത്തു നിന്നും ഇളകി മാറിയ മെറ്റിൽ നിരത്തുന്നതിനുള്ള നടപടികൾ ആയില്ലെന്നാണ് അന്വേഷണത്തിൽ അറിയുന്നത്. റെയിൽവേയുടെ മാവേലിക്കര യൂണിറ്റിലെ പൊതുമരാമത്ത് ജീവനക്കാരാണ് ഇതിന്റെ പണികൾ നടത്തേണ്ടത്. എന്നാൽ തൊഴിലാളികൾക്ക് ഇതിനുള്ള നിർദ്ദേശങ്ങൾ ഉന്നതങ്ങളിൽ നിന്നും ലഭിച്ചിട്ടില്ല. അതാണ് ജോലികൾ നീണ്ട് പോകാൻ കാരണം.

അധികൃതരുടെ അലംഭാവം

ഏതാനും മണിക്കൂർ കൊണ്ട് തീർക്കാവുന്ന ജോലിയാണ് റെയിൽവേയുടെ അലംഭാവത്താൽ അനന്തമായി നീളുന്നത്. മഴ സീസണിൽ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും അപകടത്തിന് കാരണമാണ്. കുഴികളിൽ മെറ്റിൽ നിരത്തുന്നത് നീണ്ട് പോകുന്ന കാരണത്താൽ തന്നെ അപകടങ്ങളുടെ എണ്ണവും പെരുകുന്നു.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ലെവൽ ക്രോസിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. വാഹനങ്ങൾ അപകടത്തിൽ പെടുന്നത് റെയിൽവെയുടെ ഉയർന്ന ഉദ്യോഗസ്ഥരെ നിരവധി തവണ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ നടപടിയില്ല

റെയിൽവേ ആക്ഷൻ കൗൺസിൽ

കൺവീനർ കെ.കെ.രവി